
ക്രിസ്തുമതം സ്വീകരിച്ചതിലുള്ള വിരോധം കാരണം രണ്ട് പെൺമക്കളെ ഉറങ്ങിക്കിടക്കുമ്പോൾ വീടിന് തീയിട്ട് ജീവനോടെ കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചതായി റിപ്പോർട്ട്. ഉഗാണ്ടയിലെ കാസെസെ ജില്ലയിലെ കിബെംഗെ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പെൺമക്കളായ അമീന, ഷമില എന്നിവരാണ് പിതാവ് മുഹമ്മദിന്റെ കൊലപാതക ശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് സഹോദരിമാരായ അമീനയും ഷമിലയും ക്രിസ്തുമതം സ്വീകരിച്ചത്. ഇതിൽ പ്രകോപിതനായ പിതാവ് മുഹമ്മദ്, ഇസ്ലാമിക നിയമങ്ങൾ പാലിക്കാനെന്ന പേരിൽ സെപ്റ്റംബർ ആറിന് അർദ്ധരാത്രിയോടെ ഇരുവരും ഉറങ്ങിക്കിടന്ന വീടിന് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. പുകയുടെ മണവും തീജ്വാലകളും കണ്ട് ഉണർന്ന പെൺമക്കൾ, വീടിന്റെ ഭിത്തിയിലെ ഇഷ്ടികകൾ ഇളക്കിമാറ്റി അതിലൂടെ പുറത്തുചാടിയാണ് രക്ഷപ്പെട്ടത്. തുടർന്ന് പ്രദേശവാസികളായ ക്രിസ്ത്യൻ അയൽക്കാരും പ്രാദേശിക നേതാക്കളും ചേർന്നാണ് പെൺകുട്ടികൾക്ക് അടിയന്തര സഹായം നൽകി.
തീപിടുത്തത്തിൽ പെൺകുട്ടികളുടെ വസ്ത്രങ്ങളും കിടക്കകളും ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും പൂർണ്ണമായി കത്തിനശിച്ചു. എങ്കിലും ജീവൻ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇരുവരും. “തീ ഞങ്ങളുടെ അഭയകേന്ദ്രം കവർന്നെടുത്തു, എന്നാൽ യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ വിശ്വാസത്തെയോ പ്രതീക്ഷയെയോ തകർക്കാൻ അതിനായില്ല”- പെൺകുട്ടികളിൽ ഒരാളായ അമീന പറഞ്ഞു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രാദേശിക സഭാ നേതൃത്വവും ജനപ്രതിനിധികളും രംഗത്തെത്തി. മതാന്ധതയുടെ പേരിൽ സ്വന്തം മക്കളോട് നടത്തുന്ന ഇത്തരം ക്രൂരതകൾ ഉഗാണ്ടൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കുറ്റക്കാരനായ പിതാവിനെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു.




