ഐഐയും മാനുഷിക അന്തസ്സും ചർച്ച ചെയ്യാൻ വത്തിക്കാൻ കൂട്ടായ്മ യുഎൻ പൊതുസഭയിൽ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിന് മുന്നോടിയായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മാനുഷിക അന്തസ്സ്, പൊതുനന്മ, കത്തോലിക്കാ സാമൂഹിക പ്രബോധനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ലോക നേതാക്കളുമായി ചർച്ച ചെയ്യുന്നതിനായി ഒരു വത്തിക്കാൻ അധിഷ്ഠിത സംഘടന ഈ ആഴ്ച യോഗം ചേരുന്നു.
വത്തിക്കാനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ‘ലൗദാത്തോ സി’ സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ സംഘടിപ്പിക്കുന്ന ‘ബോർഗോ ഡയലോഗ്സ്’ (Borgo Dialogues) സെപ്റ്റംബർ 20-ന് ന്യൂയോർക്കിൽ ആരംഭിച്ചു. യുഎൻ യോഗത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കൂടിക്കാഴ്ച സെപ്റ്റംബർ 23 വരെ തുടരും.

“നാം എന്ത് നിർമ്മിക്കുന്നു, ആർക്കുവേണ്ടി, ആരാണ് ഇത് പാരമ്പര്യമായി സ്വീകരിക്കാൻ പോകുന്നത്?” എന്ന ചോദ്യത്തെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ക്ഷണം ലഭിച്ചവർക്ക് മാത്രം പ്രവേശനമുള്ള ഈ യോഗങ്ങളിൽ വാണിജ്യ, സാമ്പത്തിക, അക്കാദമിക്, മത, ആരോഗ്യ, കായിക, സിവിൽ സൊസൈറ്റി, അന്താരാഷ്ട്ര മേഖലകളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

ജൂണിൽ വത്തിക്കാനിൽ നടന്ന യോഗത്തോടെയാണ് ‘ബോർഗോ ഡയലോഗ്സ്’ സംരംഭത്തിന് തുടക്കമായത്. ഫ്രാൻസിസ് മാർപാപ്പയുടെ ‘ലൗദാത്തോ സി’, ‘ഫ്രത്തെല്ലി തുത്തി’ എന്നീ ചാക്രിക ലേഖനത്തിലെയും ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്’ എന്ന ചാക്രിക ലേഖനത്തിലെയും പ്രബോധനങ്ങളിൽ നിന്നാണ് ഇത് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭ സെപ്റ്റംബർ എട്ടിന് ന്യൂയോർക്കിൽ ആരംഭിച്ചു. പൊതുചർച്ചകൾ സെപ്റ്റംബർ 22-ന് ആരംഭിച്ച് സെപ്റ്റംബർ 28-ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.