ദൈവവിളി ഉണ്ടാകുന്നത് കാമ്പെയ്‌നുകളിലൂടെയല്ല, പ്രാർഥനയിലും നിശ്ശബ്ദതയിലുമാണ്: ലെയോ പാപ്പ

സന്ന്യാസ ദൈവവിളികൾ രൂപപ്പെടുന്നത് തന്ത്രങ്ങളിലൂടെയോ പ്രചാരണ കാമ്പെയ്‌നുകളിലൂടെയോ അല്ല, മറിച്ച് പ്രാർഥനയിലൂടെയും നിശബ്ദതയിലൂടെയുമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. ഇറ്റലിയിലെ കപ്പൂച്ചിൻ ഫ്രാൻസിസ്കൻ സന്ന്യാസിനിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“ദൈവവിളികളിലെ കുറവിനെക്കുറിച്ചുള്ള ആശങ്കയെക്കുറിച്ച് പരാമർശിക്കവേ, ഈ യാഥാർഥ്യത്തെ നോക്കിക്കാണുന്നതിൽ നമ്മുടെ കാഴ്ചപ്പാട് മാറുന്നത് ആവശ്യമാണ്,” ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. സമർപ്പിത ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രതീക്ഷിക്കാത്ത സാധ്യതകൾ വീണ്ടെടുക്കാനും ഇതിലെ വെല്ലുവിളികൾ നമ്മെ സഹായിക്കും.

“സന്ന്യാസ സമൂഹങ്ങളിലെ അംഗസംഖ്യ കുറയുന്നതും, അതിലൂടെ തങ്ങളുടെ സ്വയംഭരണം നഷ്ടപ്പെടുമോ എന്ന ഭയവും ആരെയും അസ്വസ്ഥരാക്കുകയോ പ്രതീക്ഷ നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. പകരം, അത് സ്വന്തം ജീവിതത്തിന്റെ നവീകരണത്തിനും, മഠങ്ങളുടെ വാതിലുകളിൽ മുട്ടുന്നവർക്ക് ആത്മീയ മാർഗനിർദേശം നൽകുന്നതിനും പ്രചോദനമാകണം. ദൈവവുമായുള്ള അടുപ്പവും, സൗഹൃദവും, കൂട്ടായ്മയും, ബന്ധങ്ങളിലെ ആത്മാർഥതയും അനുഭവിക്കാൻ കഴിയുന്ന ആനന്ദദായകവും ജീവസ്സുറ്റതുമായ സമൂഹങ്ങളായി വളരാൻ ഇത് സഹായിക്കും,” മാർപാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.