
ഒറ്റനോട്ടത്തിൽ വളരെ ലളിതമായ ഒരു ചിത്രം. വിരലടയാളങ്ങൾ കൊണ്ട് വരച്ച വർണ്ണാഭമായ ഒരു ഒലിവ് മരം. എന്നാൽ, ആ ചിത്രത്തിന് പിന്നിൽ സമാധാനം ആഗ്രഹിക്കുന്ന ഒരുപാട് മനസ്സുകൾ ഉണ്ടായിരുന്നു. അപ്രകാരം തങ്ങളുടെ രാജ്യത്ത് സമാധാനവും സ്ഥിരതയുമുള്ള ഒരു ഭാവി ആഗ്രഹിക്കുന്ന 30 ഗ്വാട്ടിമാലൻ കുട്ടികൾ ആണ് തങ്ങളുടെ സ്വപ്‌നങ്ങൾ കൂട്ടിയിണക്കി വരച്ച മനോഹരമായ ആ ചിത്രം തങ്ങളുടെ പ്രിയപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ചത്. 2026 സെപ്റ്റംബർ 30-ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന പൊതു കൂടിക്കാഴ്ചയ്ക്ക് ശേഷം ആ ചിത്രം ഏറ്റുവാങ്ങുമ്പോൾ മാർപാപ്പ വികാരനിർഭരനായിരുന്നു.
‘ഐ വാണ്ട് വേൾഡ് പീസ് അസോസിയേഷൻ’ പ്രതിനിധി വഴിയാണ് കുട്ടികൾ വരച്ച ചിത്രം മാർപാപ്പയുടെ കൈകളിൽ എത്തിയത്. കലയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമാധാന നിർമ്മിതിയിൽ നല്ല മാറ്റങ്ങളുണ്ടാക്കുക, യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2019-ൽ ഗ്വാട്ടിമാലയിലാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്.
“മാർപാപ്പ വലിയ സഹാനുഭൂതിയും പ്രശംസയും പ്രകടിപ്പിച്ചു. പ്രയാസകരമായ സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴും സമാധാനത്തിന് സംഭാവന നൽകാനും നല്ല മാറ്റങ്ങളുടെ ഭാഗമാകാനും ഈ കുട്ടികൾക്കുള്ള ശക്തമായ ആഗ്രഹം അറിഞ്ഞപ്പോൾ പാപ്പ വികാരഭരിതനായി,” സംഘടനയുടെ പ്രസിഡന്റ് ഡിയേഗോ മാർട്ടിനെസ് വെളിപ്പെടുത്തി. “ഈ 30 കുട്ടികളിൽ ഓരോരുത്തരും ക്യാൻവാസിൽ വിരലടയാളം പതിപ്പിച്ച്, സമാധാനപരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ മുൻകൈയെടുക്കാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചു. ആ ഓരോ വിരലടയാളത്തിനും പിന്നിൽ അക്രമവും പീഡനവും നിറഞ്ഞ ഒരു ജീവിതമുണ്ട്. ഒരു കുട്ടിയും അനുഭവിക്കാൻ പാടില്ലാത്ത അനുഭവങ്ങൾ ഉണ്ട്,” ഡിയേഗോ മാർട്ടിനെസ് കൂട്ടിച്ചേർത്തു.
ഐ വാണ്ട് വേൾഡ് പീസ് അസോസിയേഷൻ വഴിയായി പാർശ്വവൽക്കരിക്കപ്പെട്ടതും ഗ്രാമീണവുമായ പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് പ്രാഥമിക-അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കാനും സർവകലാശാലകളിൽ പ്രവേശനം നേടി നല്ല തൊഴിൽ അവസരങ്ങൾ കണ്ടെത്താനും സ്കോളർഷിപ്പുകൾ നൽകി വരുന്നുണ്ട്. കൂടാതെ, വളർച്ചയ്ക്കും നല്ല തൊഴിലിനുമുള്ള പുതിയ അവസരങ്ങൾ യുവാക്കൾക്ക് നൽകുമ്പോൾ അവർ കൂടുതൽ സമാധാനത്തിനും ശാന്തതയ്ക്കും ആയി പ്രവർത്തിക്കുന്നു എന്ന് മാർട്ടിനെസ് ചൂണ്ടിക്കാട്ടി.




