“കണ്ണടയ്ക്കരുത്, ഞങ്ങൾക്ക് നിങ്ങളെ വേണം”: സ്മിത് മച്ചാറിനെ രക്ഷിക്കാൻ ഒരു ഡെന്റിസ്റ്റിന്റെ 45 മിനിറ്റ് നീണ്ട പോരാട്ടം

ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ, ആയിരക്കണക്കിന് അടി ഉയരത്തിൽ വച്ചാണ് ആ ദുരന്തം അരങ്ങേറിയത്. വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ രക്തത്തിൽ കുളിച്ചുകിടന്നു. എന്നാൽ ആ നിമിഷം, ആ വിമാനത്തിലെ 170 ലധികം വരുന്ന യാത്രക്കാരുടെയും ക്യാപ്റ്റന്റെയും ജീവൻ രക്ഷിക്കാൻ ദൈവദൂതനെപ്പോലെ ഒരാൾ മുന്നോട്ടുവന്നു – ഡോക്ടർ ഷുത മുസായേവ് എന്ന ഡെന്റിസ്റ്റ്. ഫ്ലൈ ദുബായ് വിമാനത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവം ഒരാൾ നടത്തിയ ആക്രമണത്തിൽ നിന്നുള്ള അതിജീവനം മാത്രമായിരുന്നില്ല, ആ ദിവസം നടന്നത് അതിരുകളില്ലാത്ത മനുഷ്യത്വവും മരണത്തിന്റെ വക്കിൽ വച്ച് ഒരാൾ ജീവനു വേണ്ടി നടത്തിയ പോരാട്ടവും, മനുഷ്യർ ഒരുമിച്ച് കൈകോർത്തപ്പോൾ മരണം പോലും തോറ്റുപോയ നിമിഷവുമായിരുന്നു.

“എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കൂ…”

തലയിലും കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുമായി മരണത്തോട് പൊരുതിയ ക്യാപ്റ്റൻ സ്മിത് മച്ചാർ വേദന കൊണ്ട് വിങ്ങിപ്പൊട്ടി. “എനിക്ക് വേദനിക്കുന്നു, എന്നെ രക്ഷിക്കൂ, എനിക്ക് മരിക്കണ്ട…” എന്ന് ആ മനുഷ്യൻ അലറിവിളിച്ചപ്പോൾ, ഡോക്ടർ ഷുത മുസായേവ് അദ്ദേഹത്തിന്റെ കൈകൾ ചേർത്തുപിടിച്ചു. തലച്ചോറിലേക്ക് ഇരുട്ട് പടർന്നു പിടിക്കാതിരിക്കാൻ, ബോധം മറയാതിരിക്കാനായി അദ്ദേഹം ക്യാപ്റ്റനോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. “സുഹൃത്തേ നിങ്ങൾ ഉറങ്ങിപ്പോകരുത്, ഞങ്ങൾക്ക് നിങ്ങളെ വേണം! നിങ്ങൾക്ക് എത്ര മക്കളുണ്ട്? അവരുടെ പേര് എന്തൊക്കെയാണ്? ഭയപ്പെടരുത്… നിങ്ങൾ നിങ്ങളുടെ കുടുംബത്തിലേക്ക് തിരികെപ്പോകും, നമ്മൾ ഉടൻ നിലത്തിറങ്ങും…” ഡോക്ടർ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ വാക്കുകൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

45 മിനിറ്റ് നീണ്ട പ്രാണപോരാട്ടം

കൈയിൽ ലഭ്യമായ ടി-ഷർട്ടുകളും ഐസ് പാക്കറ്റുകളും മാത്രം ഉപയോഗിച്ച്, 45 മിനിറ്റോളം ആകാശത്തു വച്ച് ഡോക്ടർ മുസായേവ്, മച്ചാറിന്റെ രക്തം വാർന്നൊഴുകുന്നത് തടയാൻ പൊരുതി. ക്യാപ്റ്റന്റെ നാഡിമിടിപ്പ് താഴ്ന്നപ്പോൾ കാലുകൾ ഉയർത്തിവച്ചും, ചുണ്ടുകൾ നീലനിറമായപ്പോൾ വേഗത്തിൽ വിമാനം നിലത്തിറക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. വേദന സംഹാരികൾ നൽകുന്നത് രക്തസ്രാവം കൂട്ടുമെന്നതിനാൽ, അൽപം വെള്ളം മാത്രം നൽകി അദ്ദേഹം ആ പൈലറ്റിന്റെ ജീവൻ കാത്തു.

കർമത്തിന്റെ മനോഹരമായ ചക്രം

സ്വന്തം ജീവൻ അപകടത്തിലായിട്ടും, അവസാന ശ്വാസത്തിലും വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ കോക്പിറ്റ് വാതിൽ തുറന്ന ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥനായകനാണ്. “സ്മിത് ഞങ്ങളുടെ ജീവൻ രക്ഷിച്ചു, അദ്ദേഹം മഹാനായ ഒരു നായകനാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ ജീവനും രക്ഷിച്ചു. ഇത് കർമമാണ്!” എന്ന് ഡോക്ടർ മുസായേവ് പിന്നീട് പറഞ്ഞ വാക്കുകൾ ഏതൊരു മനുഷ്യന്റെയും ഹൃദയത്തിൽ തൊടുന്നതാണ്.

ജാതിയുടെയോ, മതത്തിന്റെയോ, ദേശത്തിന്റെയോ അതിർവരമ്പുകളില്ലാതെ, മനുഷ്യർ അന്യോന്യം രക്ഷകരായ കാഴ്ച. ഒടുവിൽ സൗദി അറേബ്യയിൽ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി, മറ്റ് ഡോക്ടർമാർക്ക് ക്യാപ്റ്റനെ കൈമാറുമ്പോൾ ഡോക്ടർ മുസായേവ്, മച്ചാറിന്റെ ചെവിയിൽ മെല്ലെ മന്ത്രിച്ചു: “ഗുഡ് ലക്ക്, എന്റെ സുഹൃത്തേ. എല്ലാം ശരിയാകും.”

വിദ്വേഷത്തിന്റെ കത്തിമുനകളേക്കാൾ മൂർച്ചയും ശക്തിയും സ്നേഹത്തിനും കരുണയ്ക്കും ഉണ്ടെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വന്തം ജീവൻ പണയം വച്ച് മറ്റുള്ളവർക്ക് വെളിച്ചമായ ക്യാപ്റ്റൻ സ്മിത് മച്ചാറിനും, ആ ജീവന്റെ കാവലാളായ ഡോക്ടർ ഷുത മുസായേവിനും ബിഗ് സല്യൂട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.