സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം വ്യാഴം ഒക്ടോബർ 08 യോഹ. 17: 1-8 നിന്റെ പുത്രനെ നീ മഹത്ത്വപ്പെടുത്തണമേ

“അവിടുന്ന് എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്ത്വപ്പെടുത്തി.” ഈശോ ശിഷ്യന്മാര്‍ക്കു വേണ്ടി പ്രാർഥിക്കുന്ന വചനഭാഗമാണിത്. ഭൂമിയില്‍ തന്നെ ഏല്‍പിച്ച ദൗത്യം താന്‍ പൂര്‍ണ്ണമായും നിര്‍വഹിച്ചുവെന്ന് ഈശോ ദൈവത്തോടു പറയുന്നു. തന്റെ ദൗത്യം പൂർത്തിയാക്കുന്നതുവഴി യേശു ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണ്. ഈ ഭൂമിയിലെ ഓരോ മനുഷ്യനും അനുകരിക്കാൻ പറ്റിയ മാതൃകയാണ് യേശു ഇതിലൂടെ നൽകുന്നത്.

ദൈവമഹത്ത്വത്തിനു വേണ്ടി ജീവിക്കുക; ആ ദൗത്യം അതിന്റെ പൂർണ്ണതയിൽ നിർവഹിക്കുക. യേശുവിനെ അനുകരിച്ച വിശുദ്ധരുടെ ജീവിതങ്ങളിലൂടെ നമ്മൾ കടന്നുപോകുമ്പോഴും ഇത്തരം ശൈലി നമുക്ക് കാണാവുന്നതാണ്. ദൈവമഹത്ത്വത്തിനു വേണ്ടി ജീവിക്കുകയും സന്തോഷത്തോടെ മരിക്കുകയും ചെയ്തവരാണ് വിശുദ്ധർ. നമ്മുടെയും ലക്ഷ്യം ഇതായിരിക്കട്ടെ. ചെയ്യുന്നതെല്ലാം ദൈവമഹത്ത്വത്തിനു വേണ്ടി ചെയ്യുക. “ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു” എന്ന് വി. പൗലോസിനെപ്പോലെ പറയാൻ നമുക്കും സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.