ഡിജിറ്റൽ ലോകത്തിന്റെ മനംകവർന്ന് ഡൊമിനിക്കൻ സന്യാസിനിമാർ; വൈറലായി ‘ഓപ്പൺ മൈക്ക്’ പോഡ്‌കാസ്റ്റ്

​ഡിജിറ്റൽ ലോകത്തെ ആകുലതകൾക്കിടയിൽ സോഷ്യൽ മീഡിയയുടെ മനംകവർന്ന് ഒരു കൂട്ടം കത്തോലിക്കാ സന്യാസിനിമാർ. ‘അൾട്ടിമേറ്റ് ഫ്രിസ്ബി’ കളിയെക്കുറിച്ചും മഠത്തിലെ ദിനചര്യകളെക്കുറിച്ചുമുള്ള തമാശനിറഞ്ഞ സംഭാഷണത്തിലൂടെയാണ് അമേരിക്കയിലെ ഡൊമിനിക്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി സന്യാസിനിമാർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.

​മിഷിഗണിലെ സിസ്റ്റർ മിറിയം ഹോൾസ്മാൻ നയിക്കുന്ന ‘ഡൊമിനിക്കൻ സിസ്റ്റേഴ്‌സ് ഓപ്പൺ മൈക്ക്’ എന്ന പോഡ്കാസ്റ്റിലെ സംഭാഷണങ്ങൾ ആണ് ഇപ്പോൾ വൈറലായത്. സഹപ്രവർത്തകയെ അഭിനന്ദിച്ചുകൊണ്ട് സിസ്റ്റർ മിറിയം പറഞ്ഞ ‘സിസ്റ്റർ നിങ്ങൾ ഇതിൽ വളരെ മിടുക്കിയാണല്ലോ’ എന്ന വാചകം ഇന്റർനെറ്റ് ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു.

​രസകരമായ കാര്യം ഈ സന്യാസിനിമാർ ആരും തന്നെ സ്വന്തമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല എന്നതാണ്. പ്രൊഡക്ഷൻ ടീം പോസ്റ്റ് ചെയ്യുന്ന വീഡിയോകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ പ്രാർത്ഥനയിലും ദൈനംദിന ചുമതലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇവർ.

​ഇവരുടെ ജനപ്രീതി വത്തിക്കാന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കവെ പ്രമുഖ കർദിനാൾ തിമോത്തി റാഡ്ക്ലിഫ് ഈ സിസ്റ്റർമാരുടെ വൈറൽ പോഡ്കാസ്റ്റിനെ പരാമർശിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും ഫോളോവേഴ്‌സിനും അപ്പുറം മനുഷ്യർ സ്നേഹിക്കപ്പെടുന്നുണ്ടെന്ന സന്ദേശമാണ് ഇവരുടെ ചിരിയും സന്തോഷവും നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

​ടിക്ക് ടോക്കിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആളുകളിലേക്ക് ദൈവസ്നേഹവും സന്തോഷവും എത്തിക്കുക എന്നതുമാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിസ്റ്റർ മിറിയം വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.