
ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ വർഷത്തെ ‘റെഡ് വീക്ക്’ (Red Week) ആചരണത്തിന് തുടക്കമാകുന്നു. 2026-ലെ ‘റെഡ് വീക്ക്’ ആചരണം നവംബർ 15 മുതൽ 22 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കത്തീഡ്രലുകളും പള്ളികളും ചരിത്രപ്രധാനമായ സ്മാരകങ്ങളും ചുവന്ന വെളിച്ചത്തിൽ ദീപാലങ്കൃതമാക്കും.
മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങളും ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളും ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റെഡ് വീക്ക് ആചരണം നടത്തുന്നത്. 130-ഓളം കത്തീഡ്രലുകളും ആയിരക്കണക്കിന് ദേവാലയങ്ങളും 1,25,000-ത്തിലധികം ആളുകളും പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ പാർലമെന്റ് മന്ദിരം നവംബർ 23-ന് ചുവന്ന വെളിച്ചത്തിൽ ദീപാലങ്കൃതമാകും.
ആഫ്രിക്ക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന തുടർച്ചയായ പീഡനങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകാനാണ് ഈ ആഴ്ച നീക്കിവെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ, വിശ്വാസത്തെത്തുടർന്ന് പീഡനങ്ങൾ ഇരയായവരുടെ അനുഭവസാക്ഷ്യങ്ങൾ പങ്കുവെക്കൽ, സെമിനാറുകൾ എന്നിവയും നടക്കും. പീഡിപ്പിക്കപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരും സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നതുമായ ക്രൈസ്തവർക്ക് സഹായമെത്തിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ സഹായ സംഘടനയും പൊന്തിഫിക്കൽ ഫൗണ്ടേഷനുമായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) 2016-ലാണ് ‘റെഡ് വീക്ക്’ ആചരണത്തിന് തുടക്കം കുറിച്ചത്.




