ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണെങ്കിലും നിസാരമല്ല: ഉറുഗ്വേയിലെ വിശ്വാസികളോട് ലെയോ പാപ്പ 

ഒരു സമൂഹത്തിൽ ക്രിസ്തുമത വിശ്വാസികൾ ന്യൂനപക്ഷമാണെന്നത് കൊണ്ട് അവർ പ്രസക്തിയില്ലാത്തവരോ നിസ്സാരരോ ആകുന്നില്ലെന്ന് ഓർമിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. ഉറുഗ്വേയിലെ എസ്റ്റാഡിയോ സെന്റെനാരിയോ (Estadio Centenario) സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകവെയാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.

“ദൈവം ബെത്‌ലഹേമിനെയാണ് തിരഞ്ഞെടുത്തത്. ആ ഒരു തിരഞ്ഞെടുപ്പ് മാത്രം മതി ചെറുതിനെ നമ്മൾ ഒരിക്കലും നിസ്സാരമായി കാണാതിരിക്കാൻ,” ബെത്‌ലഹേമിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി മാർപ്പാപ്പ പറഞ്ഞു. വ്യാപകമായ മതനിരപേക്ഷതയ്ക്കും ദൈവവിശ്വാസത്തോടുള്ള ഉദാസീനതയ്ക്കും ഇടയിൽ സ്വന്തം വിശ്വാസം ജീവിച്ചു കാണിക്കാൻ ഉറുഗ്വേയിലെ വിശ്വാസികൾ പഠിച്ചിട്ടുണ്ടെന്നും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ന്യൂനപക്ഷമായി ജീവിക്കാൻ തുടങ്ങുന്ന ക്രിസ്ത്യാനികൾക്ക് ഉറുഗ്വേക്കാരുടെ ഈ അനുഭവം ഒരു വലിയ മാതൃകയാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

സമൂഹത്തിൽ നിന്ന് ദൈവത്തെ പൂർണ്ണമായി ഒഴിവാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ മാർപ്പാപ്പ, മനുഷ്യർ ദൈവമില്ലാത്ത ഒരു ലോകം പടുത്തുയർത്താൻ ശ്രമിക്കുമ്പോൾ, അവിടെ മനുഷ്യന് പോലും ഇടമില്ലാതെ പോകാനുള്ള സാധ്യത ഉണ്ട് എന്നും ചൂണ്ടിക്കാട്ടി. “എന്റെ യുവസുഹൃത്തുക്കളെ, വിവാഹം കഴിക്കാനും ഒരു കുടുംബം ആരംഭിക്കാനുമുള്ള ധീരമായ കാൽവെപ്പ് നിങ്ങൾ നടത്തണം. ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കുക എന്ന സങ്കൽപ്പത്തെ നിങ്ങൾ ഭയപ്പെടരുത്. പ്രിയപ്പെട്ട ദമ്പതികളെ, ഒരു കുട്ടി എന്നത് ഒരു ഭാരമാണെന്ന് ഈ ലോകം നിങ്ങളോട് പറഞ്ഞേക്കാം; എങ്കിലും നിങ്ങളുടെ വീടുകൾ ജീവനായി തുറന്നു കൊടുക്കുക” പാപ്പ ദമ്പതികളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.