
ഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷ നിറവിലാണ് ഇന്ന് രാജ്യം. കുടുംബബന്ധങ്ങള്‍ പുതുക്കി സ്നേഹവും സന്തോഷവും പങ്കുവെച്ച് പരസ്പര സഹായത്തിന്റെ മൂല്യം ഓര്‍മിക്കാനും ഈ ഉത്സവം ഏവരുടെയും മനസില്‍ വെളിച്ചം പകരുന്നു.
ഞായറാഴ്ച ദിവസമായ ഇന്നാണ് പ്രധാന ദീപാവലി ആഘോഷവും ലക്ഷ്മീപൂജയും. പതിവ് തെറ്റിക്കാതെ ഈ വർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദീപാവലി ആശംസകൾ നേർന്ന പ്രധാനമന്ത്രി, സൈനികർക്കൊപ്പമായിരിക്കും തൻ്റെ ആഘോഷമെന്ന് വ്യക്തമാക്കുകയുണ്ടായി. 2014-ൽ പ്രധാനമന്ത്രിയായത് മുതൽ എല്ലാ വർഷവും അതിർത്തികളിലും സൈനിക ക്യാമ്പുകളിലുമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം ഗോവ കാർവാർ തീരത്ത് ഐ.എൻ.എസ്. വിക്രാന്തിൽ ആയിരുന്നു ആഘോഷമെങ്കിൽ, അതിനു മുൻപ് ഗുജറാത്തിലെ കച്ചിലും 2023-ൽ ഹിമാചൽ പ്രദേശിലെ ലെപ്ചയിലുമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷങ്ങൾ
തെരുവുകളും വീടുകളും വ്യാപാരസ്ഥാപനങ്ങളും വർണവിളക്കുകളാലും മൺചെരാതുകളാലും പൂക്കളാലും രംഗോലികളാലും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. കേരളത്തിൽ ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾക്കുള്ളതുപോലെ ദീപാവലിക്കും സാംസ്കാരികമായ പ്രാധാന്യമുണ്ട്. പുതുവസ്ത്രങ്ങൾ ധരിച്ചും സമ്മാനങ്ങളും മധുരപലഹാരങ്ങളും കൈമാറിയും വീടുകളിൽ തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങൾ അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകിയും ഏവരും സന്തോഷം പങ്കിടുന്നു.




