ജരൻവാല കലാപം നടന്നിട്ട് മൂന്നു വർഷം: നീതി തേടി പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജരൻവാലയിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കും വീടുകൾക്കും നേരെ നടന്ന ദാരുണമായ അതിക്രമങ്ങൾക്കും കലാപത്തിനും മൂന്നു വയസ്. 2023 ഓഗസ്റ്റ് 16-നായിരുന്നു വ്യാജ മതനിന്ദ ആരോപിച്ച് അക്രമിസംഘം ജരൻവാലയിലെ ക്രൈസ്തവ മേഖലകൾ ആക്രമിച്ചത്.

കലാപത്തിൽ 20-ലധികം ദൈവാലയങ്ങളും നൂറിലധികം വീടുകളുമാണ് അന്ന് തീയിടപ്പെടുകയും തകർക്കപ്പെടുകയും ചെയ്തത്. ആയിരക്കണക്കിന് ആളുകൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നു. കലാപത്തിന്റെ മൂന്നാം വാർഷികത്തിൽ നീതിയും സുരക്ഷയും ആവശ്യപ്പെട്ട് ക്രൈസ്തവ സമൂഹം പ്രതിഷേധത്തിലാണ്. ഇരകളായവർക്ക് ഇപ്പോഴും അർഹമായ നഷ്ടപരിഹാരമോ, പ്രതികൾക്ക് അർഹമായ ശിക്ഷയോ ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക സഭാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലാപത്തിന് ഇരയായ കുടുംബങ്ങളെ അനുസ്മരിക്കുന്നതിനും സമാധാനത്തിനായി പ്രാർഥിക്കുന്നതിനുമായി പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും അനുസ്മരണ ചടങ്ങുകളും പ്രദേശത്ത് സംഘടിപ്പിച്ചു. വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ചില ദൈവാലയങ്ങളുടെ പുനരുദ്ധാരണം മാത്രമാണ് ഭാഗികമായി പൂർത്തിയായതെന്നും, ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സഭാ നേതാക്കൾ വ്യക്തമാക്കുന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ തടയുന്നതിനും മതനിന്ദ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുന്നതിനും സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകരും ക്രിസ്ത്യൻ സംഘടനകളും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.