
നൈജീരിയയിലെ ഒടുക്പോ (Otukpo) രൂപതാ മെത്രാന്റെ വസതിയിൽ നിന്ന് ജൂലൈ 29 ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികാർഥി തടവിൽ നിന്നും തന്ത്രപരമായി രക്ഷപെട്ട് പരിക്കുകളൊന്നുമില്ലാതെ വീട്ടിൽ തിരിച്ചെത്തി. ഓഗസ്റ്റ് 16 ന് എസിഐ ആഫ്രിക്കയ്ക്കു നൽകിയ പ്രസ്താവനയിൽ, വൈദികാർഥിയായ കെൽവിൻ ഒച്ചായ് (Kelvin Ochai) തിരിച്ചെത്തിയതായി രൂപതാ ചാൻസലർ ഫാദർ ജോസഫ് അബോയി ഇറ്റോഡോ അറിയിച്ചു.
തട്ടിക്കൊണ്ടു പോയവരിൽ നിന്ന് രക്ഷപെട്ട വൈദികാർഥി, ഗ്വെർ ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അലിയാഡെയിൽ (Aliade) എത്തിയതായും, അവിടെ കണ്ടെത്തിയ അദ്ദേഹത്തെ തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിച്ചതായും ഫാദർ ജോസഫ് അബോയി ഇറ്റോഡോ അറിയിച്ചു. രൂപതയുടെ ചുമതലയുള്ള ബിഷപ്പ് മൈക്കൽ എക്വോയി അപോഷി, വൈദികാർഥിയുടെ പെട്ടെന്നുള്ളതും സുരക്ഷിതവുമായ മടങ്ങിവരവിന് കാരണമായ ഐക്യദാർഢ്യത്തിനും തീവ്രമായ പ്രാർഥനകൾക്കും ദൈവജനത്തോട് നന്ദി അറിയിച്ചതായി ചാൻസലർ വ്യക്തമാക്കി.
രക്ഷപെട്ട ഒച്ചായിക്ക് അഭയം നൽകുകയും രാത്രിയിൽ താമസസൗകര്യം ഒരുക്കുകയും ചെയ്ത അലിയാഡെയിലെ സെന്റ് പീറ്റർ ആൻഡ് പോൾ ഇടവകയിലെ വികാരിക്കും വിശ്വാസികൾക്കും ബിഷപ്പ് അപോഷി നന്ദി രേഖപ്പെടുത്തി. വൈദികാർഥി രക്ഷപെട്ടതിനു ശേഷം ആവശ്യമായ സഹായങ്ങൾ നൽകിയ നൈജീരിയൻ പൊലീസിനോടും രൂപത നന്ദി അറിയിച്ചതായി ഫാദർ ഇറ്റോഡോ പറഞ്ഞു.
ഒച്ചായിയുടെ സുരക്ഷിതമായ മടങ്ങിവരവിന് ദൈവത്തിന് നന്ദി അർപ്പിക്കുന്നതോടൊപ്പം, നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ സംഘങ്ങൾ ഇപ്പോഴും തടവിലാക്കിയിരിക്കുന്ന നിരവധി ആളുകൾക്കായി പ്രാർഥന തുടരണമെന്നും അവരെ സുരക്ഷിതമായി മോചിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൈജീരിയയിൽ അശാന്തി അവസാനിക്കാനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും പ്രാർഥിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
കൊലപാതകങ്ങളിലും പണം തട്ടിയെടുക്കാനായുള്ള തട്ടിക്കൊണ്ടുപോകലുകളിലും ഏർപ്പെട്ടിരിക്കുന്ന ആയുധധാരികളായ സംഘങ്ങളുടെ ആക്രമണങ്ങൾ മൂലം നൈജീരിയ കടുത്ത ദുരിതം അനുഭവിക്കുന്നത് തുടരുകയാണ്. 2009 മുതൽ ബോക്കോ ഹറാം (Boko Haram) തീവ്രവാദികളുടെ അക്രമങ്ങൾ രാജ്യത്തിന് വലിയൊരു സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഈ രാജ്യത്തെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റാനാണ് ഈ സംഘം ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നൈജീരിയയിലെ മറ്റ് മേഖലകളിലെ അശാന്തിക്ക് പ്രധാനമായും കാരണമായിരിക്കുന്നത്, മുസ്ലീം വിഭാഗത്തിൽപെട്ട ഫുലാനി തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളാണ്.




