
കിഴക്കൻ കോംഗോയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 50 ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ആഗസ്റ്റ് 15 ന് മാംബാസ പ്രദേശത്തെ ഗ്രാമത്തിൽ വച്ചാണ് കർഷകർ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം ഉണ്ടായത്. എഡിഎഫ് എന്ന ഭീകരസംഘടനയാണ് ഈ അക്രമത്തിന് പിന്നിലെന്ന് പ്രാദേശിക സംഘടനകൾ വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകപ്പെട്ടവരെ ഉടൻ തന്നെ രക്ഷപ്പെടുത്തണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ സൈന്യത്തോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്നും അവർ പറഞ്ഞു. പ്രദേശത്ത് അക്രമ സംഭവങ്ങൾ തുടർച്ചയായി നടക്കുന്നതിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്.
മെയ് 6 മുതൽ ഈ പ്രദേശത്ത് ഭീകരർ 50 ഓളം തവണ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ ഇതുവരെ 300 ലധികം ആളുകൾ കൊല്ലപ്പെടുകയും 200 ഓളം വീടുകൾ കത്തിക്കുകയും ചെയ്തു. മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരാൻ കോംഗോയും ഉഗാണ്ടയും ചേർന്ന് സംയുക്ത സൈനിക നീക്കം നടത്തുന്നുണ്ട്.




