അറേബ്യൻ വിശുദ്ധരുടെ തിരുനാൾ ആരാധനാക്രമ പ്രാർഥനകൾക്ക് വത്തിക്കാന്റെ അംഗീകാരം

അറേബ്യൻ ഉപദ്വീപിലെ പ്രാദേശിക വിശുദ്ധരായ വിശുദ്ധ ആരേതാസിന്റെയും (St. Arethas) സഹരക്തസാക്ഷികളുടെയും തിരുനാൾ ആഘോഷങ്ങൾക്കായി പുതിയ ആരാധനാക്രമ പ്രാർഥനാ ഗ്രന്ഥങ്ങൾക്ക് (Liturgical Texts) വത്തിക്കാൻ അംഗീകാരം നൽകി. ഡികാസ്റ്ററി ഫോർ ഡിവൈൻ വർഷിപ് ആൻഡ് ദി ഡിസിപ്ലിൻ ഓഫ് ദി സാക്രമെന്റ്സ് ആണ് പ്രാർഥനാക്രമങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കിയത്.

വടക്കൻ അറേബ്യയിലെയും തെക്കൻ അറേബ്യയിലെയും അപ്പസ്തോലിക് വികാരിയേറ്റുകൾക്ക് കീഴിലുള്ള കത്തോലിക്കാ സഭകൾക്ക് ഈ പ്രാർഥനകൾ ഇനി തിരുനാൾ ദിനങ്ങളിൽ ഉപയോഗിക്കാം. അറേബ്യൻ മേഖലയിൽ കത്തോലിക്കാ സഭയുടെ ആരാധനാക്രമ ജീവിതം കൂടുതൽ സജീവമാക്കാനും, പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട രക്തസാക്ഷികളോടുള്ള ഭക്തി ആഴപ്പെടുത്താനും ഈ തീരുമാനം ഉപകരിക്കുമെന്ന് വത്തിക്കാൻ പ്രത്യാശ പ്രകടിപ്പിച്ചു.

ആറാം നൂറ്റാണ്ടിൽ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചവരാണ് വിശുദ്ധ ആരേതാസും അനുചരന്മാരും. ഒക്ടോബർ 24-നാണ് ഇവരുടെ തിരുനാൾ പ്രാദേശികമായി ആഘോഷിക്കുന്നത്. നിലവിൽ ഔദ്യോഗിക പ്രാർഥനാക്രമങ്ങളുടെ അഭാവമുണ്ടായിരുന്നു; വത്തിക്കാന്റെ പുതിയ തീരുമാനത്തോടെ ആ കുറവ് പരിഹരിക്കപ്പെട്ടു.

ഇന്നത്തെ സൗദി അറേബ്യയിൽ ഉൾപ്പെടുന്ന നജ്റാൻ എന്ന പുരാതന നഗരത്തിലെ പ്രഭുവായിരുന്നു ആരേതാസ്. ആറാം നൂറ്റാണ്ടിൽ ക്രിസ്തുമത വിശ്വാസികൾക്ക് നേരെ കടുത്ത പീഡനങ്ങൾ നടന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ നഗരമായിരുന്ന നജ്റാനിലെ വിശ്വാസികളെ രാജാവും കൂട്ടരും വലിയ തീക്കുണ്ഡത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ആരേതാസും അദ്ദേഹത്തോടൊപ്പം 340-ലധികം അനുചരന്മാരും വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാതെ രക്തസാക്ഷിത്വം വരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.