മെക്സിക്കൻ രക്തസാക്ഷികളുടെ ശതാബ്ദി സ്മരണ: 15,000 ത്തോളം വിശ്വാസികളും മാർപാപ്പയുടെ പ്രതിനിധിയും പങ്കെടുത്തു

മെക്സിക്കൻ സംസ്ഥാനമായ സകറ്റെകാസിലെ (Zacatecas) ചാൽചിഹുയിറ്റെസിലുള്ള (Chalchihuites) വിശുദ്ധ സ്ഥലങ്ങളിൽ, ഡുറാംഗോ (Durango) അതിരൂപതയിലെ നാല് വിശുദ്ധ രക്തസാക്ഷികളുടെ രക്തസാക്ഷിത്വ ശതാബ്ദി സ്മരണയ്ക്കായി ഓഗസ്റ്റ് 15 ശനിയാഴ്ച 15,000 ത്തോളം വിശ്വാസികൾ ഒത്തുചേർന്നു. മെക്സിക്കോയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയും ലെയോ പാപ്പയുടെ പ്രതിനിധിയുമായ മോൺസിഞ്ഞോർ ജോസഫ് സ്പിറ്റേരി, ശതാബ്ദി ജൂബിലി വർഷത്തിന് സമാപനം കുറിച്ച തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

വിശുദ്ധ ലൂയിസ് ബാറ്റിസ് സൈൻസ്, വിശുദ്ധ മാനുവൽ മൊറേൽസ്, വിശുദ്ധ സൽവദോർ ലാറ പ്യുവെന്തെ, വിശുദ്ധ ഡേവിഡ് റോൾഡാൻ ലാറ എന്നിവർ വധിക്കപ്പെട്ട സ്ഥലത്ത് തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഡുറാംഗോ അതിരൂപത തന്നെയാണ് ചടങ്ങിൽ പങ്കെടുത്തവരുടെ കണക്കുകൾ പുറത്തുവിട്ടത്.

സകറ്റെകാസ് സംസ്ഥാനത്തിന്റെ ഭാഗവും സഭാപരമായി ഡുറാംഗോ അതിരൂപതയുടെ കീഴിലുള്ളതുമായ ചാൽചിഹുയിറ്റെസിന് സമീപമുള്ള പുവെർട്ടോ ഡി സാന്റാ തെരേസയിൽ വച്ച് 1926 ഓഗസ്റ്റ് 15-നാണ് ഈ നാല് രക്തസാക്ഷികളും വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ, “ദൈവം മരിക്കുന്നില്ല,” എന്ന് മോൺസിഞ്ഞോർ സ്പിറ്റേരി പറഞ്ഞു. വധിക്കപ്പെടുന്നതിന് മുൻപ് വിശുദ്ധ മാനുവൽ മൊറേൽസ് പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിക്കുകയായിരുന്നു.

കൃത്യമായി ഒരു നൂറ്റാണ്ട് മുൻപ് ഇതേ സ്ഥലത്തുവച്ച് ഈ നാല് രക്തസാക്ഷികളും “ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സമാധാനപരമായും ഏറ്റുപറഞ്ഞുകൊണ്ട് സ്വന്തം ജീവൻ സ്വയം സമർപ്പിച്ചു,” മോൺസിഞ്ഞോർ സ്പിറ്റേരി അനുസ്മരിച്ചു.

ഡുറാംഗോ അതിരൂപതയിലെ രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു തീർഥാടന കേന്ദ്രം നിലവിൽ ഈ വിശുദ്ധ സ്ഥലങ്ങളിൽ നിർമ്മിക്കപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.