
18-ാം വയസ്സിൽ പ്രൊഫസറായി ചുമതലയേറ്റ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ എന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ യുവാവായ നഥാൻ തോമസ്. മിയാമി ഡേഡ് കോളേജിൽ കമ്പ്യൂട്ടിങ് പ്രോഗ്രാമിങ് അനായാസമായി പഠിപ്പിച്ചുകൊണ്ടാണ് നഥാൻ സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ അമ്പരപ്പിച്ചത്.
1719 -ൽ ഗണിതശാസ്ത്രജ്ഞനായ കോളിൻ മക്ലോറിൻ തന്റെ 19-ാം വയസ്സിൽ സ്ഥാപിച്ച 306 വർഷം പഴക്കമുള്ള റെക്കോർഡാണ് നഥാൻ തിരുത്തിക്കുറിച്ചത്. കൂടാതെ 2008 -ൽ ആലിയ സബൂർ സ്ഥാപിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രൊഫസർ എന്ന റെക്കോർഡിനേക്കാൾ 16 ദിവസം കുറഞ്ഞ പ്രായത്തിലാണ് നഥാന്റെ ഈ നേട്ടം.
പത്താം വയസ്സിൽ കോളേജ് കോഴ്സുകളിൽ ചേർന്ന നഥാൻ, 14-ാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടി. സാധാരണ കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന 18-ാം വയസ്സിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ബിരുദങ്ങൾ നഥാൻ കരസ്ഥമാക്കിയിരുന്നു.
എൻജിനീയർമാരായ മാതാപിതാക്കളുടെ പിന്തുണയും അമ്മയുടെ ലളിതമായ ബോധനരീതിയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് നഥാൻ വ്യക്തമാക്കുന്നു. പ്രായത്തേക്കാൾ പഠനത്തിന് പ്രാധാന്യം നൽകുന്ന നഥാൻ, മറ്റുള്ളവരെ പഠിപ്പിക്കുന്നതിലൂടെ സ്വന്തം അറിവും വർധിക്കുന്നു എന്ന് വിശ്വസിക്കുന്നു.
നിലവിൽ യൂണിവേഴ്സിറ്റി ഓഫ് മിയാമി സ്കൂൾ ഓഫ് ലോയിൽ നിയമപഠനം നടത്തുന്ന നഥാൻ, 2028 -ൽ പഠനം പൂർത്തിയാക്കി സ്വത്തവകാശ നിയമ മേഖലയിൽ പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പഠനത്തോടൊപ്പം ബാസ്കറ്റ്ബോൾ, ടെന്നീസ് തുടങ്ങിയ കായികവിനോദങ്ങളിലും നഥാൻ സജീവമാണ്.




