
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും അതിതീവ്ര മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മീൻപിടിത്തക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെങ്കിലും ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. കേരളത്തിന് പുറമേ കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.




