“പുതിയ വിശുദ്ധരാകാൻ ലോകം നിങ്ങളെ ക്ഷണിക്കുന്നു”: യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ

യൂറോപ്പും ലോകമൊട്ടാകെയും പുതിയ വിശുദ്ധരായി മാറാൻ യുവാക്കളിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇറ്റലിയിലെ അസ്സീസിയിൽ വച്ചു നടന്ന ചരിത്രപ്രസിദ്ധമായ ‘ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗിൽ’ പങ്കെടുത്ത 2500 ഓളം വരുന്ന ചെറുപ്പക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പരിശുദ്ധ പിതാവ് ഇക്കാര്യം പറഞ്ഞത്.

കർത്താവിന്റെ രൂപാന്തരീകരണ തിരുനാൾ ദിനത്തിൽ (ഓഗസ്റ്റ് 6) അസ്സീസിയിലെ സാന്താ മരിയ ദെല്ലി ആഞ്ചലി ബസിലിക്കയ്ക്കു മുന്നിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ. വി. ഫ്രാൻസിസ് അസ്സീസി മരിച്ചതിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂറോപ്പിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 18 നും 33 നുമിടയിൽ പ്രായമുള്ള യുവാക്കളാണ് ഇവിടെ ഒത്തുചേർന്നത്.

“പ്രിയപ്പെട്ട യുവാക്കളേ, പുതിയ വിശുദ്ധരാകാൻ ഇന്നത്തെ യൂറോപ്പും ലോകമൊട്ടാകെയും നിങ്ങളിലേക്ക് നോക്കുകയാണ്. സുവിശേഷ വചനത്തിൽ വിശ്വസിക്കാൻ ധൈര്യം കാണിക്കുക. യേശുക്രിസ്തു തന്ന സ്വാതന്ത്ര്യത്തോടെ പൂർണ്ണമനുഷ്യരായി ജീവിക്കുക” എന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. സമ്മേളനത്തിന്റെ പ്രമേയമായ ‘GO!’ (പോവുക!) എന്നത് ഒരു ദൗത്യമാണെന്ന് ഓർമ്മിപ്പിച്ച പാപ്പ, അനീതിയും അഹങ്കാരവും മൂലം മനുഷ്യന്റെ അന്തസ്സും സ്വപ്നങ്ങളും നിഷേധിക്കപ്പെടുന്ന സമൂഹത്തിന്റെ അരികുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ യുവാക്കളോട് ആവശ്യപ്പെട്ടു.

താൽക്കാലിക താൽപര്യങ്ങൾക്കു പിന്നാലെ പോകാതെ ജീവിതത്തിൽ ശാശ്വതവും ഉറച്ചതുമായ തീരുമാനങ്ങളെടുക്കാൻ ചെറുപ്പക്കാർ മടിക്കരുത്. അധികാരത്തിന്റെ സംസ്കാരത്തിൽ നിന്നും വിട്ടുനിൽക്കുന്നതും സ്ഥിരതയുള്ള തീരുമാനങ്ങളെടുക്കുന്നതും ഇന്നത്തെ ലോകത്ത് വലിയൊരു വിപ്ലവകരമായ കാര്യമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.