
വത്തിക്കാൻ സിറ്റി പുറത്തിറക്കിയ പുതിയ സ്മരണാർഥ നാണയശേഖരത്തിൽ (Commemorative Euro Coin Set) ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രം പതിപ്പിച്ചു. 2014 നു ശേഷം ആദ്യമായാണ് ഒരു മാർപാപ്പയുടെ മുഖചിത്രം വത്തിക്കാൻ യൂറോ നാണയങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വത്തിക്കാൻ ഗവേണറേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ മാർപാപ്പായോടുള്ള ആദരസൂചകമായി നാണയങ്ങൾ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. മുൻ മാർപാപ്പ ആയിരുന്ന ഫ്രാൻസിസ് മാർപാപ്പ തന്റെ ചിത്രം നാണയങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിരുന്നതിനാൽ, 2017 മുതൽ വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പമാരുടെ ചിത്രങ്ങൾക്കു പകരം അവരുടെ മുദ്രകളാണ് ഉപയോഗിച്ചിരുന്നത്.
അതേസമയം, പുതിയ കളക്ടർ കോയിൻ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാണയങ്ങളുടെ രൂപകൽപന ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. സെന്റ്, 2 സെന്റ്, 5 സെന്റ് നാണയങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക മുദ്ര നൽകിയിട്ടുണ്ട്. എന്നാൽ, ഉയർന്ന മൂല്യമുള്ള യൂറോ നാണയങ്ങളിൽ മാർപാപ്പയുടെ ചിത്രം വ്യക്തമായി പതിപ്പിച്ചിട്ടുണ്ട്. അഞ്ച് യൂറോയുടെ പ്രത്യേക സ്മരണാർഥ നാണയമൊഴികെ, ഈ പുതിയ യൂറോ നാണയങ്ങൾ യൂറോപ്യൻ യൂണിയനിലെ (EU) യൂറോ കറൻസി ഉപയോഗിക്കുന്ന 21 അംഗരാജ്യങ്ങളിലും വിനിമയത്തിനായി ഉപയോഗിക്കാൻ സാധിക്കും.
മധ്യകാലഘട്ടം മുതൽ വത്തിക്കാൻ ഭരണാധികാരികളായ മാർപാപ്പമാരുടെ ചിത്രങ്ങൾ നാണയങ്ങളിൽ പതിപ്പിക്കുന്ന പരമ്പരാഗത രീതി നിലവിലുണ്ടായിരുന്നു. 1929 ൽ വത്തിക്കാൻ സിറ്റി സ്വതന്ത്രരാജ്യമായി മാറിയതിനു ശേഷവും ഇറ്റാലിയൻ ലിറ (Lira) നാണയങ്ങളിൽ മാർപാപ്പമാരുടെ ചിത്രങ്ങൾ പതിപ്പിച്ചിരുന്നു. തുടർന്ന് യൂറോ കറൻസി നിലവിൽ വന്നപ്പോഴും ഈ രീതി തുടർന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച്, വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചിത്രമുള്ള വത്തിക്കാന്റെ ആദ്യത്തെ യൂറോ നാണയങ്ങൾ പുറത്തിറങ്ങിയത് 2002 ലാണ്. തുടർന്ന് 2006 മുതൽ 2013 വരെയുള്ള കാലയളവിൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ ചിത്രമുള്ള നാണയങ്ങളുടെ മറ്റൊരു പതിപ്പും പുറത്തിറക്കുകയുണ്ടായി. ഇപ്പോൾ വർഷങ്ങൾക്കു ശേഷം ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രത്തോടെ നാണയങ്ങൾ പുറത്തിറങ്ങിയത് നാണയശേഖരക്കാർക്കിടയിലും (Numismatists) ആഗോള കത്തോലിക്കാ സമൂഹത്തിലും വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.




