യുവ ഫ്രാൻസിസ്കൻ സന്ന്യാസികളോട് സുവിശേഷാധിഷ്ഠിത സമർപ്പണത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് മാർപാപ്പ

ആധുനിക ലോകം നേരിടുന്ന അക്രമങ്ങൾക്കും സാമൂഹിക വിഭജനങ്ങൾക്കും പാരിസ്ഥിതിക പ്രതിസന്ധികൾക്കും പരിഹാരമായി അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിത മാതൃക സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ഫ്രാൻസിസ്കൻ സന്ന്യാസ സമൂഹത്തിന് നൽകിയ പ്രത്യേക സന്ദേശത്തിലാണ്, സുവിശേഷാധിഷ്ഠിതമായ തീവ്രസമർപ്പണത്തിലേക്കും സമാധാന നിർമ്മിതിയിലേക്കും തിരിയാൻ മാർപാപ്പ ആഹ്വാനം ചെയ്തത്.

യുദ്ധങ്ങളും ഭിന്നതകളും ലോകത്തെ ഉലയ്ക്കുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം പ്രകാശഗോപുരമാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. അഞ്ചാം കുരിശുയുദ്ധകാലത്ത് സുൽത്താൻ മലിക് അൽ-കാമിലുമായി വിശുദ്ധ ഫ്രാൻസിസ് നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയെ ചൂണ്ടിക്കാട്ടിയ പാപ്പ, വിദ്വേഷത്തിന്റെ മതിലുകൾക്ക് പകരം സംവാദത്തിന്റെയും സൗഹൃദത്തിന്റെയും പാലങ്ങൾ പണിയാനാണ് ക്രൈസ്തവർ ശ്രമിക്കേണ്ടതെന്ന് വ്യക്തമാക്കി.

ഉപഭോഗസംസ്‌കാരത്തിലും വ്യക്തികേന്ദ്രീകൃത ചിന്തകളിലും മുഴുകിയിരിക്കുന്ന ആധുനിക സമൂഹത്തിന് ലാളിത്യവും ദരിദ്രരോടുള്ള കരുണയുമാണ് ആവശ്യമെന്ന് സന്ദേശത്തിൽ പാപ്പ വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ സ്വന്തമാക്കുന്നതിലല്ല, മറിച്ച് ആവശ്യങ്ങൾ കുറയ്ക്കുന്നതിലാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് മാർപാപ്പ നിരീക്ഷിച്ചു. സഭയും സന്ന്യാസ സമൂഹങ്ങളും സുവിശേഷത്തിന്റെ യഥാർഥ ചൈതന്യത്തിലേക്ക് മടങ്ങിപ്പോകണമെന്നും ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ചേർന്നുനിൽക്കണമെന്നും മാർപാപ്പ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.