
യുഎസിലെ ബ്രൂക്ലിൻ രൂപതയ്ക്കു കീഴിലുള്ള ക്വീൻസ് ലോംഗ് ഐലൻഡ് സിറ്റിയിലെ സെന്റ് റീത്താ കത്തോലിക്കാ പള്ളിക്കു നേരെ വീണ്ടും ആക്രമണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ ഇടവകയ്ക്കു നേരെ നടക്കുന്ന നാലാമത്തെ അക്രമസംഭവമാണിത്. പള്ളിയങ്കണത്തിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം ഒരു അജ്ഞാതൻ ചുറ്റിക ഉപയോഗിച്ച് തകർത്തു.
ഓഗസ്റ്റ് ഒന്ന് ശനിയാഴ്ച പുലർച്ചെ 1.42 ഓടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ പള്ളിയുടെ മുൻവശത്തെ മതിൽ ചാടിക്കടന്ന് അകത്ത് കയറുന്നത് സിസി ടിവി (CCTV) ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് അയാൾ പോക്കറ്റിൽ നിന്ന് ചുറ്റിക പുറത്തെടുത്ത് പരിശുദ്ധ മാതാവിന്റെ രൂപത്തിൽ തുടരെത്തുടരെ അടിച്ചുതകർക്കുകയായിരുന്നു. അടിയിൽ, പീഠത്തിൽ നിന്ന് തെറിച്ചുവീണ രൂപം പൂർണ്ണമായും തകർന്നുതരിപ്പണമായി. കൃത്യത്തിനു ശേഷം അക്രമി മതിൽ ചാടി രക്ഷപെടുകയും ചെയ്തു.
2024 മുതൽ ഈ ഇടവകയെ ലക്ഷ്യമിട്ടു നടക്കുന്ന നാലാമത്തെ അക്രമസംഭവമാണിതെന്ന് ബ്രൂക്ലിൻ രൂപതാ വക്താക്കൾ അറിയിച്ചു. മുൻപ് പള്ളിയുടെ 60 വർഷം പഴക്കമുള്ള സ്റ്റെയിൻഡ്-ഗ്ലാസ് ജനൽ അടിച്ചുതകർത്തിരുന്നു. പിന്നീട് പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന വി. യൂദാ തദേവൂസിന്റെ (St. Jude) രൂപത്തിന് കേടുപാടുകൾ വരുത്തുന്ന വിധത്തിലുള്ള അക്രമസംഭവങ്ങളും നടന്നു.
സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ (NYPD) ഹേറ്റ് ക്രൈംസ് ടാസ്‌ക് ഫോഴ്സ് (Hate Crimes Task Force) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ക്രൈസ്തവസമൂഹത്തോടുള്ള വെറുപ്പിൽ നിന്ന് ഉടലെടുത്ത കുറ്റകൃത്യമായാണ് പൊലീസ് കണക്കാക്കുന്നത്. എന്നാൽ, ഇതുവരെ പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.




