എല്ലാ ദിവസവും രണ്ട് ജപമാല ഉരുവിടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ

വെനസ്വേലക്കാരനാണ് ജുവാൻ വിസെന്റെ പെരെസ് മോറ. 113 വയസ്സുണ്ട് ഇദ്ദേഹത്തിന്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ജുവാന്റെ പേരുമുണ്ട്. എന്നാൽ ജുവാൻ എന്ന വ്യക്തിയുടെ വലിയ ഒരു പ്രത്യേകത എന്നു പറയുന്നത്, ഈ പ്രായത്തിലും അദ്ദേഹം പ്രാർത്ഥനയിൽ അതീവതല്പരനാണ് എന്നതാണ്. എല്ലാ ദിവസവും രണ്ട് ജപമാല ചൊല്ലുന്ന പതിവ് ഇന്നും അദ്ദേഹം മുടക്കിയിട്ടില്ല.

1909 മെയ് 27-ന് തച്ചിറ സംസ്ഥാനത്തെ (വെനസ്വേല) എൽ കോബ്രെയിലാണ് ജുവാൻ വിസെന്റെ ജനിച്ചത്. യൂട്ടിക്യോ ഡെൽ റൊസാരിയോ പെരെസ് മോറയുടെയും എഡൽമിറ മോറയുടെയും പത്തു മക്കളിൽ ഒമ്പതാമനായിരുന്നു അദ്ദേഹം.1914-ൽ ഈ കുടുംബം സാൻ ജോസ് ഡി ബൊളിവാറിലെ ലോസ് പജ്യൂലെസ് നഗരത്തിലേക്ക് താമസം മാറി. അഞ്ചാം വയസിൽ അദ്ദേഹം പിതാവിനോടും സഹോദരങ്ങളോടുമൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യാൻ ആരംഭിച്ചു. പത്തു വയസുള്ളപ്പോൾ അദ്ദേഹം സ്‌കൂളിൽ പോകാൻ തുടങ്ങിയെങ്കിലും അധ്യാപകനായ കാർമെൻ അസുഖബാധിതനായതിനാൽ വെറും അഞ്ചു മാസം മാത്രമേ അദ്ദേഹത്തിന്റെ സ്കൂൾ പഠനത്തിന് ആയുസുണ്ടായിരുന്നുള്ളൂ. എന്നാൽ എഴുത്തിന്റെയും വായനയുടെയും അടിസ്ഥാനകാര്യങ്ങൾ ആ നാളുകൾ കൊണ്ട് അദ്ദേഹം സ്വായത്തമാക്കിയിരുന്നു.

എഡിയോഫിന ഡെൽ റൊസാരിയോ ഗാർസിയയെയാണ് ജുവാൻ വിവാഹം ചെയ്‌തത്‌. അദ്ദേഹത്തിന്റെ ദാമ്പത്യജീവിതം 60 വർഷത്തോളം നീണ്ടുനിന്നു. 1997-ലാണ് അദ്ദേഹത്തിന്റെ ഭാര്യ മരിക്കുന്നത്. ആറ് ആൺമക്കളും അഞ്ച് പെൺമക്കളുമായിരുന്നു അവർക്ക്. ഇന്ന് ആ കുടുംബം 41 പേരക്കുട്ടികളും അവരുടെ മക്കളും അടങ്ങുന്ന വലിയ ഒരു കുടുംബമാണ്.

ക്രൈസ്തവ വിശ്വാസം ജീവിതത്തിൽ മുറുകെപിടിക്കുന്ന വ്യക്തിയാണ് ജുവാൻ. ദൈവവുമായുള്ള തന്റെ ആത്മീയബന്ധത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം അദ്ദേഹം കല്പിക്കുന്നുണ്ട്. മാത്രമല്ല, ഈ പ്രായത്തിലും എന്നും മുടങ്ങാതെ രണ്ട് ജപമാല വീതം അദ്ദേഹം ഉരുവിടുന്നുമുണ്ട്. തന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും സ്വന്തം ജീവിതം കൊണ്ടും പ്രാർത്ഥന കൊണ്ടും നിറയ്ക്കുന്ന വ്യക്തിയാണ് ജുവാൻ എന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നത്.

“തന്റെ ദീർഘായുസ്സിന്റെ രഹസ്യം എന്നു പറയുന്നത് കഠിനാദ്ധ്വാനവും ആവശ്യത്തിനുള്ള വിശ്രമവും ഉറക്കവും മാത്രമല്ല, ദൈവത്തെ സ്നേഹിക്കുകയും അവനെ എപ്പോഴും ഹൃദയത്തിൽ വഹിക്കുകയും ചെയ്യുന്നതാണ്” – ഗിന്നസ് വേൾഡ് റെക്കോർഡ് വെബ്‌സൈറ്റിൽ മെയ് 17-ന് പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.