
അക്രമം, പട്ടിണി, രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികൾ എന്നിവയാൽ വലയുന്ന അമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമായ ഹെയ്തിയെ മറക്കരുതെന്ന് ഹെയ്തിയിലെ കാരിത്താസ് സംഘടനാ ഡയറക്ടർ ഫാദർ യെവൽ ജെർമെയ്ൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. “ഇവിടുത്തെ സ്ഥിതി വളരെ ഗുരുതരമാണ് വലിയ സഹായം ആവശ്യമുണ്ട്” ഫാദർ ജെർമെയ്ൻ പറയുന്നു.
രാജ്യത്ത് ഇതിനകം യു. എൻ. ഉത്തരവിന് കീഴിലുള്ള സൈനികരുണ്ടെന്ന് സ്ഥിരീകരിച്ചു. നിലവിൽ കാരിത്താസ് ഭക്ഷണം വിതരണം ചെയ്യുന്നത് ബോട്ടിൽ യാത്രചെയ്‌തുകൊണ്ടാണ്. കാരണം സഹായവുമായി നിയന്ത്രിത പ്രദേശങ്ങളിലൂടെ വാഹനവുമായി കടന്നുപോകാൻ കഴിയില്ല. കുട്ടികളുടെ സ്ഥിതി ഇവിടെ വളരെ ആശങ്കാജനകമാണ്.
പെൺകുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്നവരുടെയും നേർക്ക് ഇവിടെ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ ആളുകൾക്ക് പിന്തുണ നൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഹെയ്തിയിലെ അഞ്ചര ദശലക്ഷത്തിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. അക്രമം കാരണം ഒരു ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.
ഫാദർ ജെർമെയ്ൻ 1979 ൽ ഹെയ്തിയിലെ തിയോട്ടെയിൽ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. മൂന്ന് മക്കളുള്ള കുടുംബത്തിൽ പിതാവ് കർഷകനും അമ്മ ഒരു കടയുടമയുമാണ്. പോർട്ട്-ഓ-പ്രിൻസിലെ സെക്കൻഡറി പഠനത്തിനുശേഷം അദ്ദേഹം സെമിനാരിയിൽ പ്രവേശിച്ചു. ഹെയ്തിയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം, ഫ്രാൻസിലെ ലിയോൺ സർവകലാശാലയിൽ നിന്നും പ്രാദേശിക വികസനത്തിൽ വൈദഗ്ദ്ധ്യം നേടി. 2024 മുതൽ രാജ്യത്തെ പത്ത് രൂപതകളിൽ നിലവിലുള്ള ഒരു ശൃംഖലയായ കാരിത്താസ് ഹെയ്തിയുടെ ഡയറക്ടറാണ്. സമീപ വർഷങ്ങളിൽ കാരിത്താസ് സ്പെയിൻ, കാരിത്താസ് ഹെയ്തിയുമായി സഹകരിച്ച്, 2.4 ദശലക്ഷം യൂറോയുടെ നിക്ഷേപത്തിൽ പതിനായിരത്തിലധികം ആളുകളെ പിന്തുണച്ചു.




