ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 07

1782 ഓഗസ്റ്റ് ഏഴിനാണ് അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ പർപ്പിൾ ഹാർട്ട് സ്ഥാപിക്കാൻ പ്രസിഡന്റ് നിർദേശം നൽകിയത്. ജോർജ് വാഷിംഗ്ടൺ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. ബാഡ്ജ് ഓഫ് മിലിറ്ററി മെറിറ്റ് എന്നാണ് ഈ ബഹുമതി ആദ്യം അറിയപ്പെട്ടിരുന്നത്. 1932 ൽ ആർമി ജനറൽ ഡഗ്ലസ് മക്ആർതറാണ് പർപ്പിൾ ഹാർട്ട് എന്ന് ബഹുമതിയെ പുനർനാമകരണം ചെയ്തത്. അമേരിക്കൻ സേനയിലെ സേവനകാലത്ത് ശത്രുക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന സൈനികർക്കാണ് പർപ്പിൾ ഹാർട്ട് നൽകുന്നത്. മെഡൽ സ്ഥാപിക്കപ്പെട്ടതിന്റെ ഓർമയിൽ ഓഗസ്റ്റ് ഏഴ് പർപ്പിൾ ഹാർട്ട് ദിനമായാണ് അമേരിക്കയിൽ ആചരിക്കുന്നത്.

1974 ഓഗസ്റ്റ് ഏഴിനാണ് ഫ്രഞ്ച് ഹൈ-വയർ ആർട്ടിസ്റ്റായിരുന്ന ഫിലിപ്പ് പെറ്റിറ്റ് തന്റെ ജീവിതത്തിലെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ന്യൂയോർക്കിൽ പുതുതായി നിർമിച്ച വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകൾ കൂട്ടി ബന്ധിച്ച കയറിലൂടെ നടന്നുകൊണ്ടായിരുന്നു അയാൾ ലോകശ്രദ്ധ ആകർഷിച്ചത്. 1350 അടി ഉയരത്തിലൂടെയായിരുന്നു സാഹസികമായ ആ നടത്തം. അനുവാദം കൂടാതെ പ്രകടനം നടത്തിയതിനാൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പഠനത്തിൽ വലിയ താൽപര്യമില്ലാതിരുന്ന പെറ്റിറ്റ് ചില സർക്കസ് പ്രകടനങ്ങൾ കണ്ടതിനുശേഷമാണ് ഉയർത്തിക്കെട്ടിയ കയറിലൂടെ നടക്കുന്ന വിദ്യ അഭ്യസിച്ചത്.

ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം സ്വന്തമാക്കിയത് 2021 ഓഗസ്റ്റ് ഏഴിനായിരുന്നു. ജപ്പാനിലെ ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ നീരജ് ചോപ്രയാണ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണ്ണമെഡൽ നേടിയത്. 87.58 മീറ്റർ അകലേക്കാണ് നീരജ് ജാവലിൻ എറിഞ്ഞത്. 2013 ൽ പതിനാറാം വയസ്സിൽ ലോക യൂത്ത് ചാമ്പ്യൻഷിപ്പിലൂടെയാണ് നീരജ് ജാവലിൻ രംഗത്ത് എത്തിയത്. 23-ാം വയസ്സിലാണ് ഒളിമ്പിക് സ്വർണ്ണനേട്ടം. അഭിനവ് ബിന്ദ്രയ്ക്കു ശേഷം വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടുന്ന താരവുമാണ് നീരജ്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.