ഐക്യരാഷ്ട്രസഭയിൽ വികസനവും ദാരിദ്ര്യവും സ്ത്രീകളുടെ പ്രശ്നങ്ങളും ഉന്നയിച്ച് വത്തിക്കാൻ

ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ, 81-ാമത് ജനറൽ അസംബ്ലിയിൽ ആഗോള വികസനം, ദാരിദ്ര്യം, സ്ത്രീസമത്വം എന്നിവ പ്രധാന വിഷയങ്ങളായി ഉന്നയിച്ചു. ഒക്ടോബർ ആറിന് നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ അപ്പസ്തോലിക് ന്യൂൺഷ്യോ ആയ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ്-സാക്കിയ എൽ-ഖാസിസ്, സ്ത്രീകൾക്ക് ‘യഥാർഥ സമത്വം’ വേണമെന്നും ആഗോള സാമ്പത്തിക, സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യനും പൊതുനന്മയ്ക്കും മുൻഗണന നൽകണമെന്നും ആഹ്വാനം ചെയ്തു.

സാമൂഹിക, മാനുഷിക, സാംസ്കാരിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎന്നിന്റെ മൂന്നാം കമ്മിറ്റിയിലും സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടാമത്തെ കമ്മിറ്റിയിലും സംസാരിക്കുകയായിരുന്നു, ജൂലൈയിൽ ഈ പദവിയിലേക്ക് നിയമിതനായ ബിഷപ്പ് എൽ-ഖാസിസ്.

‘സമ്പത്ത് കുന്നുകൂട്ടുന്നതിനു പകരം മനുഷ്യരെ കേന്ദ്രബിന്ദുവാക്കുമ്പോഴാണ് വികസനം യഥാർഥത്തിൽ മാനുഷികമാകുന്നത്’ എന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട്, ദരിദ്രരെ ‘വെറും സഹായം സ്വീകരിക്കുന്നവരായി മാത്രം’ കാണാത്ത ഒരു സംവിധാനത്തിന്റെ വികസനത്തിലൂടെ ആയിരിക്കണം ദാരിദ്ര്യനിർമാർജനം സാധ്യമാക്കേണ്ടതെന്ന് ബിഷപ്പ് എൽ-ഖാസിസ് ചൂണ്ടിക്കാട്ടി.

സുസ്ഥിര വികസനത്തെയും ആഗോള സാമ്പത്തിക മാറ്റത്തെയും കുറിച്ചുള്ള മറ്റൊരു സമ്മേളനത്തിൽ, ലോക സമ്പദ്‌വ്യവസ്ഥ കൂടുതൽ ന്യായവും ഉൾക്കൊള്ളുന്നതുമായ അന്താരാഷ്ട്ര സാമ്പത്തിക ഘടനയെ സ്വീകരിക്കണമെന്ന് ബിഷപ്പ് എൽ-ഖാസിസ് ആഹ്വാനം ചെയ്തു.

അതേസമയം, വാടക ഗർഭധാരണത്തോടുള്ള (Surrogacy) തങ്ങളുടെ എതിർപ്പ് വത്തിക്കാൻ ആവർത്തിച്ചു. ഇത് ഗർഭധാരണത്തെ ഒരു ‘വ്യാപാര സേവനമായി’ മാത്രമാണ് കാണുന്നതെന്നും കുട്ടിയുടെയും അമ്മയുടെയും അന്തസ്സിനെ ഇത് ലംഘിക്കുന്നുവെന്നും വത്തിക്കാൻ വാദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.