
ജപമാലയുടെ ശക്തിയില്‍ വിശ്വസിക്കുകയും അതിൽ ആശ്രയിച്ചു പ്രാർഥിച്ചുകൊണ്ട് ഒരു പെണ്‍കുട്ടിയെ ഉയിര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനാണ് ലൂയിസ് ബെട്രാന്‍ഡ്.
1526 ജനുവരി ഒന്നിന് സ്പെയിനിലെ വാലന്‍സ്യായിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലം മുതലേ അതീവഭക്തനായിരുന്ന വി. ബെട്രാന്‍ഡിന് മാതാവിനോട് പ്രത്യേക ഭക്തിയുണ്ടായിരുന്നു. പത്തൊൻപതാം വയസ്സില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 22-ാം വയസ്സില്‍ പുരോഹിതനായി സഭയിലെ പല പദവികളും വഹിച്ചു. ഏറ്റവുമധികം കാലം പ്രവര്‍ത്തിച്ചത് നോവിസ് മാസ്റ്ററായാണ്. സ്വയംപരിത്യാഗത്തിന്റെയും പരിഹാരപ്രവൃത്തികളുടെയും പ്രതീകമായി മാറിയ വിശുദ്ധന്‍, നവസന്യാസികള്‍ക്ക് എന്നും ജീവിതമാതൃകയായിരുന്നു.
1562 ല്‍ തെക്കേ അമേരിക്കയില്‍ മിഷനറി പ്രവര്‍ത്തനത്തിനായി പോയി. ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചു. കാര്‍ത്തേ ഗായിലായിരുന്നു തുടക്കം. അവിടെ അദ്ദേഹം പതിനായിരം പേരെ ജ്ഞാനസ്നാനപ്പെടുത്തി. പനാമയിലെ ഇനംതുമസിലുള്ള ആദിവാസികള്‍ക്കിടയിലും കരീബിയന്‍ ദ്വീപുകളിലെ കാരിബ് വംശജര്‍ക്കിടയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
കുറേ കാലങ്ങള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങിയ വിശുദ്ധന്‍ വീണ്ടും പല പദവികളിലേക്കും നിയോഗിക്കപ്പെട്ടു. അവസാനകാലത്ത് അദ്ദേഹത്തെ കിടക്കയിലെടുത്ത് പ്രസംഗവേദിയിലേക്കു കൊണ്ടുപോയിരുന്നു. ഏറെ ക്ലേശപൂര്‍ണ്ണവും യാതനാനിര്‍ഭരവുമായിരുന്നു ആ കാലം. ദീര്‍ഘകാലം രോഗിയായി കിടന്നതിനു ശേഷമാണ് ലൂയിസ് മരണമടഞ്ഞത്. മരണസമയത്ത് നിരവധി അദ്ഭുതദൃശ്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ മരണസമയത്ത് ശരീരത്തില്‍നിന്നും ഒരു സ്വര്‍ഗീയസുഗന്ധം പ്രസരിച്ചിരുന്നതായി നിരവധി പേര്‍ സാക്ഷ്യപ്പെടുത്തി. അദ്ദേഹത്തിന്റെ അധരങ്ങളില്‍ നിന്നും സ്വര്‍ഗീയപ്രകാശം പ്രസരിക്കുകയും മുറിയിലാകെ സംഗീതം പരക്കുകയും ചെയ്തു.
സംസ്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ ശരീരത്തെ നശിപ്പിക്കാൻ കീടങ്ങള്‍ക്കായില്ല. അഴുകാതിരുന്ന ശരീരം എല്ലാവര്‍ക്കും അദ്ഭുതമായി. 350 വര്‍ഷം അഴുകാതിരുന്ന ശരീരം പക്ഷേ, 1936 ലെ സ്പാനിഷ് കലാപകാലത്ത് നശിപ്പിക്കപ്പെട്ടു.
വിചിന്തനം: മനുഷ്യര്‍ നിന്നെ നിന്ദിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോള്‍ നിന്റെ ഹൃദയവും മനസ്സും ദൈവത്തിലേക്കുയര്‍ത്തുക.
ഇതരവിശുദ്ധര്‍: ജോണ്‍ ലെയൊനാര്‍ഡി (1541-1609)/ ജെമിനൂസ് (+815)/ അല്‍ഫാനൂസ് (+1085) സര്‍ലോര്‍ണായിലെ മെത്രാപ്പോലീത്താ/ തിയോഡ്രിക് (+1572) ഡച്ച്മിഷനറി/ ലാബെര്‍ട്ടും വലേരിയൂസും (+680)/ അഗസ്തോ ആന്‍ഡ്രെസ് (1910-1934)/ ബിറിലോ (1888-1934)/ മാര്‍സ്യനോ (1900-1934)/ ഗോസ്വിന്‍ (1086-1165).
ഫാ. ജെ. കൊച്ചുവീട്ടില്‍





