
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനും (ICE) മിസോറിയിലെ പ്രാദേശിക അധികാരികൾക്കുമെതിരെ ചരിത്രപരമായ നിയമപോരാട്ടത്തിന് തുടക്കമിട്ട് സെന്റ് ലൂയിസ് അതിരൂപത. തടങ്കലിൽ കഴിയുന്ന കത്തോലിക്കരായ കുടിയേറ്റക്കാർക്ക് കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം, വിശുദ്ധ കുർബാന തുടങ്ങിയ കൂദാശകൾ നൽകുന്നതിന് വൈദികർക്ക് തടസ്സം നിൽക്കുന്നു എന്ന് ആരോപിച്ചാണ് രൂപതാധികൃതർ കോടതിയെ സമീപിച്ചിരിക്കുന്നത്.
തടവുകാർക്ക് വൈദികരുമായി ആത്മീയപരമായ ഇടപെടലുകൾ നടത്താൻ സൗകര്യമൊരുക്കാത്തതിനെതിരെ യുഎസിലെ ഒരു കത്തോലിക്കാ രൂപത നേരിട്ട് ഐസിനെതിരെ (ICE) കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. 2025 ഒക്ടോബറിൽ, ചിക്കാഗോയ്ക്കു സമീപമുള്ള ഐസ് സെന്ററിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ‘കോയലിഷൻ ഫോർ സ്പിരിച്വൽ ആൻഡ് പബ്ലിക് ലീഡർഷിപ്പ്’ (CSPL) എന്ന സംഘടനയിലെ കത്തോലിക്കാ വൈദികരും സമർപ്പിതരും അൽമായനേതാക്കളും ഫെഡറൽ ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കുകയും അത് വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ കേസ് നടത്തിയത് ഒരു സ്വതന്ത്ര കത്തോലിക്കാ കൂട്ടായ്മയും വൈദികരുമായിരുന്നു; ചിക്കാഗോ അതിരൂപത ആയിരുന്നില്ല.
മിസോറിയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്ത സെന്റ് ലൂയിസ് കേസിൽ സെന്റ് ലൂയിസ് ആർച്ച്ബിഷപ്പ് മിച്ചൽ റോസാൻസ്കി, ക്രൈസ്റ്റ് ദി കിംഗ്, സെന്റ് ജോസഫ് ഇടവകകളുടെ വികാരിയും തടവുകാർക്ക് പതിവായി ആത്മീയസഹായം നൽകുന്ന വൈദികനുമായ ഫാ. ക്രിസ്റ്റഫർ ഷ്രോഡർ എന്നിവരാണ് ഹർജിക്കാർ. തടവുകാർക്ക് കൂദാശകൾ നൽകാനുള്ള സൗകര്യങ്ങൾക്കായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് ആർച്ച്ബിഷപ്പ് റോസാൻസ്കി വ്യക്തമാക്കി.




