
“ആത്മീയമായ ഒരു ചിത്രരചന പൂർത്തിയാക്കാൻ കൃത്യം 910 ചോക്ലേറ്റ് ചിപ്പുകൾ വേണം” എന്ന്, ഏകദേശം മൂന്നു മാസത്തെ പെയിന്റിംഗ് സെഷനുകളിൽ ഓരോ തവണയും പത്ത് ചോക്ലേറ്റ് ചിപ്പുകൾ വീതം കഴിച്ചതിനെ ഓർമ്മിച്ചുകൊണ്ട് അടുത്തിടെ ലളിതമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കലാകാരിയായ കേറ്റ് കപ്പാറ്റോ കുറിച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, കപ്പാറ്റോ പറയുന്നു: “ജോലി ചെയ്യുമ്പോൾ കാപ്പിയോ, ചായയോ അല്ലാതെ ചോക്ലേറ്റാണ് തനിക്ക് പലപ്പോഴും ഊർജം നൽകുന്നത്. എന്നാൽ, അതിനേക്കാൾ പ്രധാനം താൻ ചെയ്യുന്ന ചിത്രരചനാ പ്രക്രിയയിലേക്ക് ദൈവത്തെ ക്ഷണിക്കുക എന്നതാണ്.”
ജന്മദിന കാർഡുകളിൽ നിന്ന് അൾത്താര ചിത്രങ്ങളിലേക്ക്
ഇന്ന്, കപ്പാറ്റോയുടെ ഓയിൽ പെയിന്റിംഗുകൾ പള്ളികളിലും ന്യൂമാൻ സെന്ററുകളിലും വീടുകളിലും അലങ്കാരമായി മാറുന്നുണ്ടെങ്കിലും, ഒരു പ്രൊഫഷണൽ ആത്മീയ കലാകാരിയാകാനുള്ള യാത്ര ആരംഭിച്ചത് ചെറുപ്പത്തിൽ പല കുട്ടികളെയും പോലെ ജന്മദിന കാർഡുകളും ചിത്രങ്ങളും വരച്ചുകൊണ്ടാണ്.
ഹൈസ്കൂൾ പഠനകാലം മുതൽ കലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച അവർ ആ സമയത്ത് കോളേജ് തല കോഴ്സുകൾ പോലും ചെയ്തു. പിന്നീട് ‘കൾച്ചർ പ്രൊജക്റ്റി’ൽ ഒരു മിഷനറിയായി സേവനമനുഷ്ഠിച്ച കപ്പാറ്റോ യുവാക്കൾക്ക് മനുഷ്യശരീരത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവൽക്കരണം നൽകി. അത് അവർ സ്വയം ചെയ്തിരുന്ന കലയുമായി ബന്ധമില്ലാത്തതായി തോന്നാമെങ്കിലും, ‘ശരീരത്തിന്റെ ദൈവശാസ്ത്രത്തോടും’ (Theology of the Body) മനുഷ്യവ്യക്തിത്വത്തോടുമുള്ള ആ സ്നേഹം തന്റെ കലയിൽ എത്രത്തോളം നിർണ്ണായകമായ പങ്ക് വഹിക്കുന്നു എന്ന് കപ്പാറ്റോ ഇന്ന് തിരിച്ചറിയുന്നു.
“ശരീരത്തിലൂടെ എന്താണ് പ്രകടിപ്പിക്കുന്നത് എന്നതിലേക്ക് ഞാൻ സൂക്ഷ്മമായി ശ്രദ്ധ കൊടുക്കുന്നു. സ്ത്രീത്വവും പുരുഷത്വവും ആ പങ്ക് നൽകുന്ന സൗന്ദര്യവും എന്റെ ചിത്രങ്ങളിൽ എടുത്തുകാണിക്കുന്നു,” അവർ വ്യക്തമാക്കുന്നു.
ഫ്ലോറൻസിൽ രണ്ടുവർഷത്തെ പഠനത്തിലൂടെ കപ്പാറ്റോയുടെ കല കൂടുതൽ രൂപപ്പെട്ടു. പ്രത്യേകിച്ച് ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ മാസ്റ്റർപീസുകൾ അവരെ സ്വാധീനിച്ചു. അമേരിക്കയിൽ തിരിച്ചെത്തിയ ശേഷം അവരുടെ പ്രൊഫഷണൽ ജോലി ഗൗരവമായി ആരംഭിച്ചു. ഇന്ന് ഏകദേശം ഒരു പതിറ്റാണ്ടോളമായി അവർ ആത്മീയവിഷയങ്ങളിൽ കലാരചന നടപ്പിലാക്കുന്നു.
ബിസിനസിനു വിപരീതമാണ് കല എന്ന പൊതുധാരണ നിലനിൽക്കുമ്പോഴും, ബിസിനസ് പരിചയവും ജോലിയിലെ കൃത്യതയും തന്റെ സർഗാത്മക പ്രക്രിയയുടെ അത്യന്താപേക്ഷിതമായ ഭാഗമാണെന്ന് കപ്പാറ്റോ പറയുന്നു. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന തന്റെ പിതാവാണ് ബിസിനസ് കാര്യങ്ങളിൽ പലതും പഠിപ്പിച്ചതെന്ന് അവർ പറയുന്നു. ആ കഴിവ്, സർഗാത്മകത, സഹകരണത്തോടെയുള്ള പ്രവർത്തനശൈലി എന്നിവയിൽ നിന്നാണ് ഒരു പൂർണ്ണസമയ പ്രൊഫഷണൽ ആർട്ടിസ്റ്റായി അവർ വളർന്നത്.
ഒരേസമയം വ്യത്യസ്ത ഘട്ടങ്ങളിലുള്ള നിരവധി പ്രൊജക്ടുകളിൽ കപ്പാറ്റോ പ്രവർത്തിക്കാറുണ്ട്. ഉദാഹരണത്തിന്, ഒരു ആഴ്ചയിൽ തന്നെ അവർ പുതിയ പ്രൊജക്ടുകൾക്കായി ഉപഭോക്താക്കളെ കാണുകയും മറ്റൊരു പ്രൊജക്ടിന്റെ ആശയരൂപീകരണത്തിൽ ഏർപ്പെടുകയും വേറൊരു ചിത്രത്തിന്റെ യഥാർഥ പെയിന്റിംഗ് നടത്തുകയും ചെയ്തേക്കാം. കൂടാതെ, മോഡലുകളായി പ്രവർത്തിക്കാൻ ആളുകളെയും അവർക്കുള്ള വസ്ത്രങ്ങളും കണ്ടെത്തുക, പുസ്തകങ്ങളിലും മറ്റ് മാധ്യമങ്ങളിലും അവരുടെ സൃഷ്ടികൾ ഉപയോഗിക്കുന്നതിനുള്ള ലൈസൻസിംഗ് തുടങ്ങിയ ബിസിനസ് അന്വേഷണങ്ങൾക്ക് മറുപടി നൽകുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.
ദൈവം പ്രധാന കലാകാരനായി
ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്കും കപ്പാറ്റോയുടെ കഠിനാധ്വാനത്തിനും കലയ്ക്കുമിടയിൽ അവരുടെ സൃഷ്ടിക്ക് വളരെ മാനുഷികമായ ഒരു വശമുണ്ട്. എങ്കിലും അവർ പറയുന്നു: “എന്റെ പെയിന്റിംഗ് പ്രക്രിയയുടെ ഒരു വലിയ ഭാഗം, പ്രാർഥനയോടെ എന്റെ സൃഷ്ടിയുടെ പ്രധാന ഭാഗമാകാൻ കർത്താവിനോട് ആവശ്യപ്പെടുകയുമാണ്.”
പലപ്പോഴും പ്രൊജക്റ്റുകൾക്കുള്ള ആശയങ്ങൾ തന്നെ ദിവ്യകാരുണ്യ ആരാധനയിലേക്ക് കൊണ്ടുവരികയും പ്രചോദനത്തിനായി ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്നു. “ദൈവം തന്നെ പ്രധാന കലാകാരനാകാനും അവന്റെ വഴിയിൽ ഞാൻ തടസ്സമാകാതിരിക്കാനും ഞാൻ എപ്പോഴും പ്രാർഥിക്കുന്നു,” കപ്പാറ്റോ പറഞ്ഞു.
ആത്മീയ കലാരചന എന്നത് എപ്പോഴും എളുപ്പമുള്ള പ്രക്രിയയല്ല. പ്രചോദനം തോന്നാത്തപ്പോഴും ശരിയായ വ്യക്തികളെയോ, മെറ്റീരിയലുകളെയോ ആവശ്യമുള്ളപ്പോഴും കപ്പാറ്റോ പ്രാർഥനയിലൂടെ കർത്താവിലേക്ക് തിരിയുന്നു.
വി. ഫിലിപ്പ് നേരിയുടെ നാമത്തിലുള്ള ഇടവകയിൽ സ്ഥാപിക്കാനുള്ള രണ്ട് അൾത്താര ചിത്രങ്ങളിലാണ് താൻ ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കപ്പാറ്റോ പങ്കുവച്ചു. തനിക്ക് വളരെ പരിചയമുള്ള വിശുദ്ധരെയും മറ്റുചിലപ്പോൾ ഒരു വിശുദ്ധന്റെയോ, നമ്മുടെ വിശ്വാസത്തിന്റെയോ പുതിയ വശങ്ങളെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമായും ഇത്തരം ചിത്രരചനകളെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
‘വിഷ്വൽ ഗ്രേസി’ലെ വലിയ മിഷന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കപ്പാറ്റോയുടെ ചിത്രങ്ങൾ. സംഗീതജ്ഞനായ ഭർത്താവിനും ചെറിയൊരു ടീമിനുമൊപ്പം, ഹൃദയങ്ങളിൽ വീണ്ടും അദ്ഭുതം ഉണർത്താനും വേദനിക്കുന്ന ആത്മാക്കൾക്ക് ശാന്തത നൽകാനും ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക അവതരണത്തിലൂടെ കപ്പാറ്റോ ഇടവകകളിൽ സൗന്ദര്യം എത്തിക്കുന്നു.




