ഫ്രാൻസിസ് പാപ്പയുടെ പരിസ്ഥിതി കാഴ്ചപ്പാടിന് ആദരവായി ഡിജിറ്റൽ അറ്റ്ലസ് പുറത്തിറക്കി വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ ‘ലൗദാത്തോ സി’ എന്ന ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികത്തിൽ, പാപ്പയുടെ പരിസ്ഥിതി കാഴ്ചപ്പാടുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വത്തിക്കാൻ പുതിയ ഡിജിറ്റൽ അറ്റ്ലസ് പുറത്തിറക്കി. ഡിജിറ്റൽ അറ്റ്ലസ് എന്നാൽ കമ്പ്യൂട്ടർ, മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് വഴി ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ ഭൂപടങ്ങളുടെ ശേഖരമാണ്.

പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ‘ലൗദാത്തോ സി പ്ലാറ്റ്ഫോം’ (Laudato Si’ Platform) ‘അറ്റ്ലസ് ഓഫ് ലൗദാത്തോ സി’ (Atlas of Laudato Si’) പുറത്തിറക്കിയത്. 2021 മുതൽ 13,600 പേരുടെ പങ്കാളിത്തം രേഖപ്പെടുത്തിയ തങ്ങളുടെ അഞ്ചാമത് വാർഷിക റിപ്പോർട്ടും, സഭയ്ക്കുള്ളിൽ സമഗ്ര പരിസ്ഥിതി പഠനം നടപ്പിലാക്കുന്നതിനുള്ള പുതിയ സംവിധാനങ്ങളും ചടങ്ങിൽ അവർ അവതരിപ്പിച്ചു.

സമഗ്ര മാനവ വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്ട് സിസ്റ്റർ അലെസ്സാൻഡ്ര സ്മെരില്ലി (Sister Alessandra Smerilli), ഇന്ത്യയിലെ ബോംബെ അതിരൂപതയുടെ മുൻ സഹായ മെത്രാൻ ബിഷപ്പ് ആൽവിൻ ഡിസിൽവ (Bishop Allwyn D’Silva) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനായി നിശ്ചിതമായ തുടർനടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വാർത്താ സമ്മേളനത്തിൽ ചർച്ച ചെയ്തു.

ലോകമെമ്പാടുമുള്ള സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രകടമാക്കുന്നതിനാണ് പുതിയ ഡിജിറ്റൽ അറ്റ്ലസ് അവതരിപ്പിച്ചത്. അമേരിക്കയിലെ കത്തോലിക്കാ സർവകലാശാലയിലെ ലിയോണം ഇൻസ്റ്റിറ്റ്യൂട്ട് (Leonum Institute), റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസ് (അഞ്ചെലിക്കും) എന്നിവയിൽ നിന്നുള്ള വിവരങ്ങളാണ് (Data) ഈ അറ്റ്ലസിനായി ഉപയോഗിച്ചിരിക്കുന്നത്.

‘അറ്റ്ലസ് ഓഫ് ലൗദാത്തോ സി’ വഴി വിവിധ സ്ഥാപനങ്ങളും രൂപതകളും നടത്തുന്ന പരിസ്ഥിതി സംരംഭങ്ങൾ പരിശോധിക്കാനും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും സാധിക്കും. ഈ പദ്ധതിക്കായി ഡാറ്റ ശേഖരണത്തിനും ക്രമീകരണത്തിനും നേതൃത്വം നൽകിയ അമേരിക്കൻ കാർട്ടോഗ്രാഫർ (ഭൂപട നിർമ്മാതാവ്) മോളി ബർഹാൻസ് (Molly Burhans), അറ്റ്ലസുകളുടെ പ്രാധാന്യത്തെക്കുറിച്ചും കത്തോലിക്കർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.