ഞായർ പ്രസംഗം: പള്ളിക്കൂദാശാക്കാലം രണ്ടാം ഞായര്‍ നവംബർ 08, മത്തായി 19: 23-30 സമ്പത്തും സ്വര്‍ഗരാജ്യവും തമ്മിലുള്ള പൊരുത്തക്കേട്

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ,

ശ്ലീഹന്മാരുടെ പ്രവര്‍ത്തനഫലമായി രൂപംകൊണ്ട സഭയെ അനുസ്മരിക്കുന്ന ഈ കാലത്തില്‍ നമുക്ക് വിചിന്തനത്തിനായി ലഭിച്ചിരിക്കുക വി. മത്തായിയുടെ സുവിശേഷം 19-ാം അധ്യായം 23 മുതല്‍ 30 വരെയുള്ള വാക്യങ്ങളാണ്. സമ്പാദ്യങ്ങളും സ്വര്‍ഗരാജ്യവും തമ്മിലുള്ള പൊരുത്തക്കേടാണ് ഇവിടത്തെ പ്രധാന പ്രമേയം. സമ്പത്ത് വിറ്റ് ദരിദ്രര്‍ക്ക് കൊടുത്ത ശേഷം യേശുവിനെ അനുഗമിക്കുന്നതാണ് പരിപൂര്‍ണ്ണതയ്ക്കുള്ള മാര്‍ഗമെന്നു കേട്ട സമ്പന്നനായ യുവാവ് തിരിച്ചുപോകുമ്പോഴാണ് ഈശോ ധനവും സ്വര്‍ഗരാജ്യവും തമ്മിലുള്ള പൊരുത്തക്കേട് ശിഷ്യന്മാരെ ചൂണ്ടിക്കാണിക്കുന്നത് (19:23-24). സമ്പത്തിന് വളരെയധികം പ്രാധാന്യവും മൂല്യവും കല്‍പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സമ്പത്ത് അത്യന്താപേക്ഷിതമാണ്. ഈ അവസരത്തില്‍ ‘ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണെ’ന്ന ഈശോയുടെ പ്രസ്താവന വൈരുധ്യമായി തോന്നാം. എന്നാല്‍ ഒരാളുടെ സമ്പത്തിന്റെ അളവല്ല, മറിച്ച് ദൈവവുമായുള്ള ബന്ധത്തില്‍ സമ്പത്ത് വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് യേശു വാചാലനാകുന്നത്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം സമ്പത്തിന്റെ പൊതുവായ ലക്ഷ്യത്തെക്കുറിച്ച് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ”സമ്പത്ത് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിക്കണമെന്നും ദൈവമാണ് ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ഉടയോനെന്നും നമ്മള്‍ അവിടുത്തെ കാര്യസ്ഥന്മാരാണ്” എന്നുമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ട പ്രധാന കാര്യമെന്നത് സമ്പത്ത് ഉണ്ടായിരിക്കുന്നതല്ല, മറിച്ച് സമ്പത്ത് നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ സ്ഥാനം കൈയടക്കുന്നതാണ് പ്രശ്‌നം എന്നതാണ്. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരാള്‍ക്കു പോലും സമ്പത്തിനോടുള്ള അമിതമായ ആഗ്രഹം ദൈവത്തെ പൂര്‍ണ്ണമായി അനുഗമിക്കുന്നതിന് തടസ്സമായേക്കാമെന്ന വി. ജോണ്‍ ക്രിസോസ്‌തോമിന്റെ വാക്കുകള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

വിശുദ്ധ ഗ്രന്ഥത്തിലൂടെ കണ്ണോടിക്കുമ്പോള്‍ സമ്പത്തും സമൃദ്ധിയും പഴയനിയമ പശ്ചാത്തലത്തില്‍ പലപ്പോഴും ദൈവത്തിന്റെ അനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അബ്രഹാമിനും ഇസഹാക്കിനും യാക്കോബിനും ധാരാളം സമ്പത്തുണ്ടായിരുന്നതായി ഉല്‍പത്തി പുസ്തകം വിവരിക്കുന്നു. അതോടൊപ്പം തന്നെ തന്റെ ജനത്തിന് തേനും പാലും ഒഴുകുന്ന ദേശം വാഗ്ദാനമായി നല്‍കുന്ന ദൈവത്തെയും നമുക്ക് കാണാന്‍ സാധിക്കും. നിയമാ. 8:18 ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു: “സമ്പത്ത് നേടാനുള്ള കഴിവ് നല്‍കുന്നത് ദൈവമാണ്. ഇതിലൂടെ സമ്പത്തിന്റെ യഥാര്‍ഥ ഉറവിടം ദൈവമാണെന്നും മനുഷ്യന്‍ തനിക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമായി കാണണം” എന്നും പഴയനിയമ ഗ്രന്ഥങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ പഴയ നിയമം ദാരിദ്ര്യത്തെ ദൈവശിക്ഷയായി കാണുന്നില്ല. നീതിമാനായ ജോബിന്റെ ജീവിതം ഇതിന് ഉദാഹരണമാണ്. അതുപോലെ ദരിദ്രരെയും വിധവകളെയും പരദേശികളെയും സംരക്ഷിക്കണമെന്നും പ്രവാചകന്മാര്‍ ശക്തമായി ആവശ്യപ്പെടുന്നു. ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ വിമര്‍ശിക്കുന്ന ആമോസ് പ്രവാചകന്‍ ഇതിനുദാഹരണമാണ്. ഉത്തരവാദിത്വപരവും നീതിപൂര്‍വകവുമായ പങ്കുവയ്ക്കല്‍ വഴി തന്റെ സമ്പത്തിനെ വിനിയോഗിച്ച ബോവാസിന് അത് അനുഗ്രഹമായിത്തീര്‍ന്നപ്പോള്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ സമ്പത്തിനെ ഉപയോഗിച്ച ബാഷാന്‍ നിവാസികള്‍ക്ക് അത് ശിക്ഷയ്ക്കു കാരണമായി.

പുതിയ നിയമത്തില്‍ ഭൗതികസമ്പത്ത് സ്വതവേ തിന്മയായി കാണപ്പെടുന്നില്ല. എന്നാല്‍, അവയോടുള്ള നമ്മുടെ മനോഭാവത്തെ ഗൗരവമായി എടുക്കുന്ന ഈശോയെ നമുക്ക് കാണാന്‍ കഴിയും. “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയാണ് നിങ്ങളുടെ ഹൃദയവും” എന്ന വചനം നമ്മുടെ ജീവിതത്തിലെ മുന്‍ഗണനകളെക്കുറിച്ച് ചിന്തിക്കാന്‍ ആവ ശ്യപ്പെടുന്നു. സക്കേവൂസിന്റെ ജീവിതം നമുക്കൊരു മാതൃകയാണ്. യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ സമ്പത്തിനോടുള്ള തന്റെ മനോഭാവത്തിന് മാറ്റം വരുത്താന്‍ തയ്യാറായി സക്കേവൂസ് സമ്പത്ത് ഉപേക്ഷിച്ചു എന്നതല്ല, മറിച്ച് സമ്പത്തിനോടുള്ള മനോഭാവം മാറ്റാന്‍ കഴിഞ്ഞു എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്നത്. തങ്ങളുടെ ഒപ്പം തന്നെ വിഭവങ്ങള്‍ ആവശ്യക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമായി പങ്കുവച്ച് നീതിപൂര്‍വകമായും ഉത്തരവാദിത്വപരമായും വിനയോഗിക്കാന്‍ ക്രൈസ്തവസമൂഹം നമുക്കൊരു മാതൃകയും വെല്ലുവിളിയുമായി നിലകൊള്ളുന്നു. ഇതിലൂടെ സഭ നമ്മെ പഠിപ്പിക്കുന്നത് സമ്പത്ത് സ്വാര്‍ഥതയ്ക്കുള്ള ഉപാധിയല്ല, മറിച്ച് സ്‌നേഹത്തിനും പങ്കു വയ്ക്കലിനുമുള്ള ഉപാധിയാകണമെന്നാണ്. അതിനാല്‍ ക്രൈസ്തവ കാഴ്ചപ്പാടില്‍ സമ്പത്ത് ദൈവഹിതമനുസരിച്ച് ഉപയോഗിക്കുമ്പോള്‍ അതിന്റെ യഥാര്‍ഥ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നു.

സമ്പത്ത് എപ്പോഴാണ് നമ്മുടെ ജീവിതത്തിന് തടസ്സമായി മാറുന്നത് എന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണു ള്ളത്. ഒന്നാമതായി, സമ്പത്ത് ദൈവത്തിലുള്ള വിശ്വാസത്തിന് പകരമാകുമ്പോള്‍ ചിലപ്പോഴൊക്കെ നമ്മുടെ സുരക്ഷിതത്വം പൂര്‍ണ്ണമായും ജോലി, സ്വത്ത് എന്നിവയെ ആശ്രയിച്ചിരിക്കാം. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സമ്പത്തിന്റെ ഉപയോഗത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “പണം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ തുടങ്ങുമ്പോള്‍ മനുഷ്യബന്ധങ്ങള്‍ക്കും ദൈവവുമായുള്ള ബന്ധത്തിന്റെയും പ്രാധാന്യം കുറയാം. സമ്പത്ത് മനുഷ്യന്റെ സേവകനായിരിക്കണം; മനുഷ്യന്‍ സമ്പത്തിന്റെ അടിമയാകരുത്.”

രണ്ടാമതായി, സമ്പത്ത് നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമ്പോള്‍ നമ്മുടെ ആത്മീയജീവിതത്തിന് തടസ്സമാകാം. ആത്മീയകാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന രാജാവ് ഒരു സന്ന്യാസിയെ കണ്ടപ്പോള്‍, എന്റെ കൊട്ടാരവും സമ്പത്തും കാരണം എനിക്ക് വളര്‍ച്ച പ്രാപിക്കാന്‍ കഴിയുന്നില്ല എന്നും താന്‍ ഇവയൊക്കെ ഉപേക്ഷിക്കണമോ എന്നും ചോദിച്ചു. എന്നാല്‍, ആ സന്ന്യാസി ചിരിച്ചുകൊണ്ട് ആ ചോദ്യത്തിന് ഉത്തരം പറയാതെ രാജാവിനെ നടക്കാന്‍ ക്ഷണിച്ചു. രാജ്യാതിര്‍ത്തി കഴിഞ്ഞ് കുറച്ചു ദൂരം മുന്നോട്ടുപോയപ്പോള്‍ രാജാവിന് ആകെ പരിഭ്രമമായി. അദ്ദേഹം സന്ന്യാസിയോട് പറഞ്ഞു: ”ഞാന്‍ എന്റെ സേവകരോട് പറയാതെയാണ് വന്നത്.” കൂടാതെ, തന്റെ കൊട്ടാരത്തിനും സ്വത്തുക്കള്‍ക്കും എന്തെങ്കിലും സംഭവിക്കുമോ എന്നും അദ്ദേഹം വ്യഗ്രതപ്പെട്ടു. അപ്പോള്‍ സന്ന്യാസി പറഞ്ഞു: “അങ്ങയുടെ സമ്പത്ത് അങ്ങയെ യഥാര്‍ഥ സ്വാതന്ത്ര്യത്തില്‍ നിന്നും തടസ്സപ്പെടുത്തുകയും അങ്ങയെ ഭരിക്കുകയുമാണ് ചെയ്യുന്നത്” എന്ന്.

ഈ കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് യഥാര്‍ഥ സ്വാതന്ത്ര്യം നമുക്ക് ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കുന്നതിലല്ല, മറിച്ച് നമ്മെ ദൈവത്തില്‍ നിന്നുമകറ്റി ഒന്നിനോടും അടിമപ്പെടുത്താതിരിക്കുന്നതിലാണ്. ധാരാളം സമ്പത്തുള്ള വ്യക്തി തന്റെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെടുമോ എന്ന ചിന്തയില്‍ ജീവിക്കുമ്പോള്‍ അയാള്‍ യഥാര്‍ഥ സ്വാതന്ത്ര്യത്തില്‍ നിന്ന് വളരെ അകലെയാണ്.

മൂന്നാമതായി, സമ്പത്ത് മറ്റുള്ളവരോടുള്ള നമ്മുടെ ഉത്തരവാദിത്വം മറക്കാന്‍ കാരണമാകുമ്പോള്‍ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു: “സ്വകാര്യസ്വത്ത് കൈവശം വയ്ക്കാനുള്ള അവകാശത്തെ സഭ അംഗീകരിക്കുന്നു. എന്നാല്‍, ആ അവകാശം മറ്റുള്ളവരുടെ ആവശ്യങ്ങളെ അവഗണിക്കാനുള്ള അനുമതിയല്ല.” അതിനാല്‍ സമ്പത്ത് ദൈവരാജ്യത്തിന് തടസ്സമാകുന്നതിനു പകരം സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉപാധിയായി മാറണം. നമ്മള്‍ സമ്പത്തിന്റെ ഉടമസ്ഥരല്ല, കാര്യസ്ഥ രാണെന്ന ചിന്ത ഇതിന് നമ്മെ സഹായിക്കും.

ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സമ്പത്ത് ഇല്ലാത്തവരായിരിക്കണമെന്നല്ല ഈശോ പഠിപ്പിക്കുന്നത്. സമ്പത്തിനോടുള്ള ആസക്തിയില്‍ നിന്ന് സ്വതന്ത്രനായി ദൈവത്തെ ഒന്നാമതായി സ്‌നേഹിക്കണമെന്നാണ് അവിടുന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഈ ഭൂമിയില്‍ നമ്മള്‍ അനുസരണമുള്ള കാര്യസ്ഥന്മാര്‍ മാത്രമാണെന്ന ബോധ്യത്തോടെ വളരാന്‍ നമുക്ക് സാധിക്കണം. കാരണം, ദൈവരാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത് പണവും സ്വത്തുമല്ല, ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്‌നേഹബന്ധമാണ്.

ഇന്നത്തെ സുവിശേഷം നമ്മെ ഭൗതികസമ്പത്തിനെക്കുറിച്ചു മാത്രമല്ല, സമ്പത്ത് നമ്മുടെ ഹൃദയമനോഭാവങ്ങളില്‍ വരുത്തുന്ന വ്യത്യാസങ്ങളെക്കുറിച്ചു കൂടി ചിന്തിക്കാന്‍ ക്ഷണിക്കുന്നു നമ്മുടെ സംവാദങ്ങളായി നാം കണക്കാക്കപ്പെടുന്ന മറ്റുള്ളവരുടെ നന്മയ്ക്കായി നമ്മുടെ കഴിവുകള്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായും നമ്മുടെ അധികസമയം ഏകാന്തത അനുഭവിക്കുന്നവര്‍ക്കായും മാറ്റിവയ്ക്കാം. ജോബിനെപ്പോലെ ദൈവസന്നിധിയില്‍ കരയാത്തവനായി നില്‍ക്കാന്‍ നമുക്ക് ഈ മൂന്ന് കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാം. 1) നമ്മുടെ കൈയിലെ സമ്പത്ത് നമ്മെ ഭരിക്കാതിരിക്കട്ടെ, 2) നമ്മുടെ യഥാര്‍ഥ സുരക്ഷിതത്വം സമ്പത്തിലല്ലാതെ ദൈവത്തിലുള്ള വിശ്വാസത്തിലായിരിക്കട്ടെ, 3) നമ്മുടെ സമ്പത്ത് സ്വാര്‍ഥതയ്ക്കുള്ള ഉപാധിയാകാതെ മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും ഉപയോഗപ്പെടുത്താം. അങ്ങനെ ഹൃദയങ്ങളെ യഥാര്‍ഥ നിക്ഷേപത്തില്‍ ഉറപ്പിച്ച് ജീവിക്കാന്‍ പരിശ്രമിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

ബ്രദര്‍ അതുല്‍ തോമസ് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.