2027 ലെ ആഗോള രോഗീദിനത്തിന്റെ പ്രമേയം തിരഞ്ഞെടുത്തു

ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ 2027 ഫെബ്രുവരി 11 ന് ആഘോഷിക്കുന്ന 35-ാമത് ആഗോള രോഗീദിനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ പ്രമേയം തിരഞ്ഞെടുത്തു. ‘അവർ കട്ടിലോടെ അവനെ യേശുവിന്റെ മുന്നിലേക്ക് ഇറക്കിവച്ചു: ഓരോ വ്യക്തിയെയും പരിചരിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക്’ എന്നതാണ് പ്രമേയം.

നവംബർ അഞ്ചിന് പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ, സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയാണ് (Dicastery for Promoting Integral Human Development) ഈ പ്രമേയം പ്രഖ്യാപിച്ചത്. തങ്ങളുടെ മുൻപിലുണ്ടായിരുന്ന തടസ്സങ്ങൾ തരണം ചെയ്ത്, തളർവാതരോഗിയായ ഒരാളെ സൗഖ്യത്തിനായി മേൽക്കൂര വഴി യേശുവിന്റെ മുന്നിലേക്ക് ഇറക്കിവയ്ക്കുന്ന ജനക്കൂട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലൂക്കായുടെ സുവിശേഷത്തിലെ ഭാഗമാണ് ഇതിന് പ്രചോദനമായിരിക്കുന്നത്.

“ഓരോ ക്രിസ്തീയസമൂഹവും പ്രാദേശിക സമൂഹത്തോടൊപ്പം ചേർന്ന് മറ്റുള്ളവരുടെ ബലഹീനതകളും കഷ്ടപ്പാടുകളും ശ്രദ്ധിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ സുവിശേഷഭാഗത്ത്, ശാരീരികവും ആത്മീയവുമായ സൗഖ്യത്തിന്റെ ഉറവിടത്തിലേക്ക് കഷ്ടപ്പെടുന്നയാളെ എത്തിക്കാൻ സമൂഹത്തിലെ അംഗങ്ങൾ ഒന്നിച്ച് ചേരുകയാണ് ചെയ്യുന്നത്,” പ്രസ്താവനയിൽ പറയുന്നു.

“നമ്മുടെ മാമോദീസാവിളിയുടെ കാതൽ പരസ്പരസ്നേഹം എന്ന കൽപനയാണ് – അയൽക്കാരനെ സ്നേഹിക്കുക, അയൽക്കാരനെ പരിചരിക്കുക. തളർവാതരോഗിയുടെ സുഹൃത്തുക്കളെപ്പോലെ, ഒറ്റപ്പെട്ടവരെയും വയോധികരെയും കഷ്ടപ്പെടുന്നവരെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും അടുപ്പത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷം സൃഷ്ടിക്കാനും ഇടവകകളും ക്രിസ്തീയസമൂഹങ്ങളും വിളിക്കപ്പെട്ടിരിക്കുന്നു,” പ്രസ്താവനയിൽ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.