സമഗ്ര മാനവ വികസനത്തിനായുള്ള ഡികാസ്റ്ററിയിൽ പുതിയ രണ്ടു അണ്ടർസെക്രട്ടറിമാരെ നിയമിച്ച് പാപ്പ

സെപ്റ്റംബർ ഒന്നിന് ആരംഭിച്ച സമഗ്ര മാനവ വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ (Dicastery for Promoting Integral Human Development) നേതൃത്വ മാറ്റം പൂർത്തിയാക്കിക്കൊണ്ട്, അങ്കോളയിൽ നിന്നുള്ള വൈദികനെയും ചിലിയിൽ നിന്നുള്ള അല്മായ സ്ത്രീയെയും പുതിയ അണ്ടർസെക്രട്ടറിമാരായി ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. മോൺസിഞ്ഞോർ ജോസഫ് ബർലാസ് ഡികാസ്റ്ററിയുടെ സെക്രട്ടറിയായി ഉയർത്തപ്പെട്ടതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഈശോസഭാംഗമായ ഫാ. അവെലിനോ ചികോമ ബുണ്ടോ ചികോ, ക്ലാവുദിയ ലിയാൽ ലൂണ എന്നിവരെ മാർപാപ്പ നിയമിച്ചത്.

47-കാരനായ ഫാ. ചികോ 2020 മുതൽ ഡികാസ്റ്ററിയിൽ സേവനമനുഷ്ഠിച്ചു വരികയാണ്. ആദ്യം ആഫ്രിക്കൻ മേഖലയുടെ കോഓർഡിനേറ്ററായും, പിന്നീട് ‘ലിസണിംഗ് ആൻഡ് ഡയലോഗ്’ വിഭാഗത്തിന്റെ മാനേജറായും, ശേഷം 2025 മുതൽ ഓഫീസ് മാനേജറായും അദ്ദേഹം പ്രവർത്തിച്ചു. സോഷ്യൽ എത്തിക്സിൽ ബിരുദാനന്തര ബിരുദവും സമകാലിക അന്താരാഷ്ട്ര കുടിയേറ്റം, വികസന സഹകരണം എന്നിവയിൽ ഡോക്ടറേറ്റും അദ്ദേഹത്തിനുണ്ട്.

ചിലി സ്വദേശിയും ഇപ്പോൾ ഇറ്റലിയിൽ താമസക്കാരിയുമായ 48-കാരിയായ ലിയാൽ, 2022 മുതൽ റോമിലെ ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മോറൽ തിയോളജിയിൽ ഡോക്ടറേറ്റുള്ള ഇവർ 2012 മുതൽ 2022 വരെ പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ചിലിയിലും അധ്യാപികയായിരുന്നു. വിശ്വാസ തിരുസംഘത്തിന്റെ (Dicastery for the Doctrine of the Faith) ഉപദേശകയായും അന്താരാഷ്ട്ര തിയോളജിക്കൽ കമ്മീഷൻ അംഗമായും ഇവർ പ്രവർത്തിക്കുന്നു. ഒക്ടോബർ 7 മുതൽ 14 വരെ ‘അമോരിസ് ലെത്തിസിയ’യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ സംഘടിപ്പിച്ച മെത്രാൻ സമിതി അധ്യക്ഷന്മാരുടെ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട 26 വിദഗ്ദ്ധരിൽ ഒരാളായിരുന്നു രണ്ടു കുട്ടികളുടെ അമ്മയായ ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.