കഴിഞ്ഞ ഒരു വർഷത്തിനിടെ മരണമടഞ്ഞ കർദിനാൾമാരുടെയും ബിഷപ്പുമാരുടെയും സ്മരണയ്ക്കായി വിശുദ്ധ കുർബാന അർപ്പിച്ച് ലെയോ പാപ്പ

കഴിഞ്ഞ ഒരു വർഷത്തിനിടെ വേർപിരിഞ്ഞുപോയ കർദിനാൾമാരുടെയും ബിഷപ്പുമാരുടെയും നിത്യശാന്തിക്കായി നവംബർ അഞ്ചിന് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർഥിച്ചു. എല്ലാ വർഷവും നവംബർ മാസത്തിന്റെ ആരംഭത്തിൽ മാർപാപ്പമാർ ഈ വിശുദ്ധ കുർബാന അർപ്പിക്കുന്നത് പതിവാണ്. ഏഴ് കർദിനാൾമാർക്കും 136 ബിഷപ്പുമാർക്കും വേണ്ടിയാണ് ഈ വർഷം വിശുദ്ധ കുർബാന അർപ്പിച്ചത്.

വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, പുനരുത്ഥാനത്തിലുള്ള പ്രത്യാശയും വിശുദ്ധരുടെ സഹഭാഗിത്വവുമാണ് മരിച്ചവർക്കായുള്ള നമ്മുടെ പ്രാർഥനയെ പ്രകാശിപ്പിക്കുന്ന രണ്ട് സത്യങ്ങളെന്ന് പാപ്പ വെളിപ്പെടുത്തി. വി. പത്രോസിന്റെ ബസിലിക്കയിലെ ‘ഓൾട്ടർ ഓഫ് ദി ചെയറിൽ’ ലത്തീൻ ഭാഷയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ, ‘ശുശ്രൂഷ’ എന്ന വിഷയത്തെക്കുറിച്ചാണ് മാർപാപ്പ സന്ദേശം നൽകിയത്. “ക്രിസ്തുവിനെ അനുഗമിക്കുന്ന ഏതൊരാളും അവന്റെ ശുശ്രൂഷകനായിത്തീരുന്നു. ക്രിസ്തുവിന്റെ പാത പിന്തുടർന്നാൽ അവൻ എപ്പോഴും ക്രിസ്തുവുള്ളിടത്ത് തന്നെയായിരിക്കും,” പാപ്പ ഓർമ്മിപ്പിച്ചു.

“കർത്താവിന്റെ ബലിപീഠത്തിൽ വേർപിരിഞ്ഞുപോയ നമ്മുടെ സഹോദരീസഹോദരന്മാരെ ഓർക്കുന്നത്, ക്രിസ്തുവിലുള്ള നമ്മുടെ ജീവൻ വീണ്ടെടുക്കപ്പെട്ടതിനാൽ അത് നഷ്ടപ്പെടുകയില്ലെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ്,” പഴയ നിയമത്തിൽ തന്നെ പരാമർശിച്ചിട്ടുള്ള പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.

“വിശുദ്ധ ഗ്രന്ഥം ഊന്നിപ്പറയുന്നതുപോലെ, പുനരുത്ഥാനം ഇല്ലായിരുന്നുവെങ്കിൽ മരിച്ചവർക്കായി പ്രാർഥിക്കുന്നതിൽ ഒരു അർഥവുമില്ലായിരുന്നു. അതിനാൽ, മരിച്ചവർക്കായി പ്രാർഥിക്കുക എന്നാൽ ജീവനെ ആഘോഷിക്കുക എന്നാണ് അർഥമാക്കുന്നത്. എല്ലാറ്റിനുമുപരിയായി, കർത്താവായ ക്രിസ്തുവിന്റെ ഉത്ഥാനം ചെയ്ത ജീവനെയും അവന്റെ കൃപയാൽ അവനിൽ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്ന നമ്മുടെ സ്വന്തം ജീവനെയുമാണ് നാം ആഘോഷിക്കുന്നത്. നാം മരിച്ചവരെ ഓർക്കുന്നത് വെറും ഭൂതകാല സ്മരണയായി ഒതുങ്ങിപ്പോകാൻ ഇടയാക്കരുത്. വിശ്വാസത്തോടെ, ഭയം കൂടാതെ മരണത്തിന്റെ രഹസ്യത്തെ ധ്യാനിക്കാം. കാരണം, കർത്താവ് ജീവിക്കുന്നു, അവൻ നമ്മെ കാത്തിരിക്കുന്നു. അവന്റെ പിതാവിന്റെ ഭവനത്തിൽ അവൻ നമുക്കായി ഇതിനകം ഒരു സ്ഥലം ഒരുക്കിവച്ചിട്ടുണ്ട്,” പാപ്പ വെളിപ്പെടുത്തി.

“നാം മരിച്ചവർക്കായി പ്രാർഥിക്കുമ്പോൾ, അവർക്കു വേണ്ടി മാത്രമല്ല, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ ഉണർത്തുന്ന പരസ്പര സ്നേഹത്താൽ അവരോടൊപ്പവുമാണ് പ്രാർഥിക്കുന്നത്. തലയായ ക്രിസ്തുവും അവന്റെ അവയവങ്ങളായ നാമും തമ്മിലുള്ള കൂട്ടായ്മയുടെ രഹസ്യമാണ് സഭ. അവനിൽ നിന്നാണ് നമുക്ക് ജീവൻ ലഭിക്കുന്നത്. ഈ കൂട്ടായ്മ, ദൈവത്തിന്റെ മുഖം ദർശിക്കുന്ന അനുഗൃഹീത ആത്മാക്കളെയും സ്വർഗത്തിലോ, ഭൂമിയിലോ ആ പ്രകാശപൂർണ്ണമായ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്ന ഏവരെയും ഒന്നിപ്പിക്കുന്നു,” പാപ്പ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

വിശുദ്ധ കുർബാനയ്ക്കു ശേഷം, ലെയോ പതിനാലാമൻ മാർപാപ്പ വി. പത്രോസിന്റെ ബസിലിക്കയ്ക്ക് അടിയിലുള്ള വത്തിക്കാൻ ഗുഹകൾ സന്ദർശിക്കുകയും വി. പോൾ ആറാമൻ, പയസ് പന്ത്രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നിവരുൾപ്പെടെയുള്ള മുൻഗാമികളുടെ കല്ലറകളിൽ പ്രാർഥിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.