
യേശുക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ രണ്ടാം സഹസ്രാബ്ദം പൂർത്തിയാകുന്ന 2033-ാം ആണ്ടിലെ ജൂബിലി ആഘോഷങ്ങൾക്കായി എല്ലാ ക്രൈസ്തവ സഭകളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ലെയോ പാപ്പ. റോമിലെത്തിയ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.
യുദ്ധങ്ങളും ചേരിതിരിവുകളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വിശ്വസനീയമായ സമാധാനത്തിന്റെ സാക്ഷികളാകാൻ എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. “2033-ൽ നടക്കാനിരിക്കുന്ന രക്ഷാകര ദൗത്യത്തിന്റെ രണ്ടാം സഹസ്രാബ്ദ ആഘോഷങ്ങളിലേക്കുള്ള ഈ യാത്ര ലോകത്തിലെ എല്ലാ ക്രൈസ്തവ സഭകൾക്കും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ. ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷികളാകാനുള്ള ആഹ്വാനവും കൃപയും നമുക്ക് വീണ്ടും കണ്ടെത്താം” – പാപ്പ കൂട്ടിച്ചേർത്തു.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് വത്തിക്കാനിലെത്തിയ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധി സംഘത്തോട് സംസാരിക്കവെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വത്തിക്കാനിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്ത മാർപാപ്പ, ഇവരുടെ സാന്നിധ്യം കോൺസ്റ്റാന്റിനോപ്പിളിലെ സഹോദര സഭയുടെയും അതിന്റെ തലവനായ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോയുടെയും ആത്മീയസാമീപ്യത്തെയാണ് കാണിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
ഇന്നത്തെ സാഹചര്യത്തിൽ ക്രിസ്തീയ സന്ദേശത്തിന്റെ വിശ്വസനീയത മാത്രമല്ല, മനുഷ്യരാശിയുടെ ഭാവി തന്നെയും അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകിയ മാർപാപ്പ, സമാധാനം, പുതിയ സാങ്കേതികവിദ്യകളുടെ ശരിയായ ഉപയോഗം, പ്രപഞ്ചസംരക്ഷണം തുടങ്ങിയ ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ ക്രൈസ്തവർക്കിടയിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും, ഇത് യേശുക്രിസ്തുവിന്റെ സുവിശേഷത്തിൽ നിന്ന് തന്നെ ഉദ്ഭവിക്കുന്ന ഉത്തരവാദിത്തമാണെന്നും പറഞ്ഞു.




