
“എന്റെ ലഹരി എപ്പോഴും എന്റെ പോക്കറ്റിലുണ്ട്. അത് ശബ്ദിച്ചും മിന്നിയും എന്നെ നിരന്തരം ലഹരി ഉപയോഗിക്കാൻ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.” ലണ്ടൻ സ്വദേശിയും പേഴ്‌സണൽ ട്രെയിനറും ആയ മരിയോസിന്റെ വാക്കുകളാണ് ഇത്. ബിബിസി ന്യൂസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഈ ചെറുപ്പക്കാരൻ നടത്തിയ വെളിപ്പെടുത്തൽ സ്മാർട്ട്ഫോൺ അഡിക്ഷന്റെ കാണാപ്പുറങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ അനേകം വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന അവസ്ഥയാണിത്. ഫോണിൽ നോക്കണമെന്ന അനിയന്ത്രിതമായ ആഗ്രഹം. ഇത് സ്വന്തം പോക്കറ്റിൽ ഒരു ലഹരിവ്യാപാരിയെ കൊണ്ടുനടക്കുന്നത് പോലെയാണ് എന്ന് വളരെ നിസഹായതയോടെ മരിയോസ് റിപ്പോർട്ടറിനോട് പങ്കുവയ്ക്കുന്നു. തന്റെ മോശം ദിവസങ്ങളിൽ 14 മണിക്കൂറിലധികം സമയമാണ് മരിയോസ് ഫോണിൽ ചിലവഴിക്കുന്നത്. ഇതിൽ തന്നെ ഇൻസ്റ്റാഗ്രാം ആണ് അയാളെ ഏറ്റവും കൂടുതൽ സമയം ഫോണിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. പലപ്പോഴും ഫോൺ ഉപയോഗം ഒരു അഡിക്ഷനായി മാറുന്നുണ്ടെന്നു പോലും തിരിച്ചറിയാതെ പോകുന്നു എന്നതാണ് അതിലും ഭീകരമായ അവസ്ഥ എന്നും ഈ ചെറുപ്പക്കാരൻ ചൂണ്ടിക്കാണിക്കുന്നു. കടുത്ത ഏകാന്തതയും ഒറ്റപ്പെടലും ആണ് തന്നെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്ന മരിയോസ്, ഇപ്പോൾ ഈ ശീലം മാറ്റിയെടുക്കാനായി 12 സെഷനുകളുള്ള സ്വകാര്യ തെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ കെണിയിൽ അകപ്പെട്ട ലോകം
കേവലം ഒരു മരിയോസിന്റെ മാത്രം കഥയല്ല ഇത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് ഈ ഡിജിറ്റൽ വലയത്തിലാണ്. ‘ഡെലോയിറ്റ്’ (Deloitte) അടുത്തിടെ 1,000 മുതിർന്നവരിൽ നടത്തിയ ഒരു സർവേയിൽ, പങ്കെടുത്തവരിൽ 70 ശതമാനം ആളുകളും തങ്ങൾ ഫോണിൽ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് സമ്മതിച്ചു. ഫോൺ അഡിക്ഷൻ എന്നത് ഇതുവരെ ഒരു ഔദ്യോഗിക മാനസികാരോഗ്യ അവസ്ഥയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എങ്കിലും ഫോൺ അഡിക്ഷനിൽ നിന്ന് മോചനത്തിനായി ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
യുകെ അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ (UKAT) മയക്കുമരുന്ന് ലഹരിക്കായി ചികിത്സ തേടിയെത്തിയവരിൽ മൂന്നിലൊരാൾക്ക് സ്മാർട്ട്ഫോൺ അഡിക്ഷൻ കൂടിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019-ൽ ഇത് പത്തിൽ ഒരാൾക്ക് മാത്രമായിരുന്ന സ്ഥാനത്താണ് ഈ ഭയപ്പെടുത്തുന്ന വർധനവ്. ചില രോഗികൾ ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ വിട്ടുനൽകാൻ വിസമ്മതിക്കുന്നതുമൂലം ചികിത്സയിൽ നിന്ന് പിന്മാറുന്ന അവസ്ഥപോലുമുണ്ട്.
വിനോദത്തിൽ തുടങ്ങുന്ന ദുരന്തം
“തുടക്കത്തിൽ ഇതൊരു വിനോദമായിരുന്നെങ്കിൽ, പിന്നീട് ഞാൻ ഇതിനെ ഭയപ്പെടാൻ തുടങ്ങി. എന്റെ ആത്മാവിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെയാണ് എനിക്ക് തോന്നിയത്. എന്നിട്ടും ഫോൺ ഉപയോഗിക്കുന്നത് നിർത്താൻ എനിക്ക് കഴിഞ്ഞില്ല,”- മറ്റൊരു ചികിത്സാ കേന്ദ്രത്തിൽ ഡിജിറ്റൽ അഡിക്ഷന് ചികിത്സ തേടുന്ന 48-കാരനായ ജെയിംസ് ഓർത്തെടുക്കുന്നു.
മദ്യപാനത്തിൽ നിന്ന് മുക്തി നേടാനാണ് ജെയിംസ് ആദ്യം ചികിത്സ തേടിയത്. എന്നാൽ പരിശോധനയിൽ അയാളുടെ ഡിജിറ്റൽ അഡിക്ഷൻ അനിയന്ത്രിതമായ അവസ്ഥയിലാണെന്ന് വ്യക്തമായി. ജോലി നഷ്ടപ്പെട്ടതോടെ ജെയിംസിന്റെ ദിവസങ്ങൾ സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതിലും വാർത്തകൾ നിരന്തരം പരിശോധിക്കുന്നതിലും മാത്രമായി ഒതുങ്ങി. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ, അതിന് ലഭിക്കുന്ന ‘ലൈക്കുകളും’ ‘കമന്റുകളും’ പരിശോധിക്കാൻ അയാൾ പാതിരാത്രിയിൽ പോലും ഉറക്കമുണർന്നിരുന്നു. വൈകാതെ ഡിജിറ്റൽ ലോകം തന്നെ തടവുകാരനാക്കിയത് പോലെ ജെയിംസിന് തോന്നിത്തുടങ്ങി.
ഡിജിറ്റൽ ലോകത്തെ അദൃശ്യ ചങ്ങലകൾ
നാം ഓരോ തവണ ഫോൺ പരിശോധിക്കുമ്പോഴും തലച്ചോറിൽ ‘ഡോപമിൻ’ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഈ രാസവസ്തു താത്കാലിക സന്തോഷത്തിന് കാരണമായി തീരുകയും ആ അവസ്ഥയിൽ തുടരാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ ഉപഭോക്താക്കളെ ഇതിൽ കെട്ടിയിടക്കത്തക്ക രീതിയിലാണ്.
നിസ്സാരമെന്ന് നാം കരുതുന്ന ഈ സ്ക്രീൻ ഉപയോഗം, നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട മണിക്കൂറുകളും ദിവസങ്ങളുമാണ് ഇല്ലാതാക്കുന്നത്. സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ മനുഷ്യജീവിതം എളുപ്പമാക്കിയെങ്കിലും, അതിരുകടന്ന ഉപയോഗം നമ്മെ ഒരു അദൃശ്യ ചങ്ങലയാൽ ബന്ധിക്കുകയാണെന്ന യാഥാർഥ്യത്തിലേക്കാണ് മരിയോസിന്റെയും ജെയിംസിന്റെയും ജീവിതം വിരൽ ചൂണ്ടുന്നത്. കോളിംഗ് ആപ്പുകൾക്കപ്പുറം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഈ ഡിജിറ്റൽ ലഹരിക്കെതിരെ സ്വയം നിയന്ത്രണവും ആവശ്യമെങ്കിൽ കൃത്യമായ ചികിത്സയും തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാൽ ഫോൺ അമിതമായി ഉപയോഗിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ അതിൽ നിന്നും സ്വയം പിന്തിരിഞ്ഞുകൊണ്ട് മറ്റു പ്രവർത്തനങ്ങളിലേക്ക് ബോധപൂർവം കടക്കാൻ ശ്രമിക്കാം. അതിനു കഴിയാത്ത പക്ഷം ചികിത്സ തേടാനും മടിക്കേണ്ട.




