
വിൻസെന്റിന്റെ കണ്ണുകളിൽ പെട്ടെന്നാണ് ആ വെളിച്ചം മിന്നിമറയാൻ തുടങ്ങിയത്. വെറുമൊരു കാഴ്ചപ്രശ്നമെന്നു കരുതി ആശുപത്രിയിലെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് വലിയൊരു ആഘാതമായിരുന്നു. ‘സ്റ്റേജ് 4 ഗ്ലിയോബ്ലാസ്റ്റോമ’. അതിജീവനസാധ്യത വെറും അഞ്ച് മുതൽ ഏഴ് ശതമാനം വരെയുള്ള മസ്തിഷ്കത്തെ ബാധിക്കുന്ന മാരകമായ കാൻസർ.
ഒരു മുൻ പിക്സാർ അനിമേറ്ററും പ്രശസ്ത ചിത്രകാരനുമായ വിൻസെന്റിന് മുന്നിൽ പെട്ടെന്ന് ജീവിതത്തിന്റെ നിറങ്ങളെല്ലാം മങ്ങിപ്പോയി. തുടർന്ന് സങ്കീർണ്ണമായ ഓപ്പൺ ബ്രെയിൻ സർജറിയും റേഡിയേഷനും കീമോതെറാപ്പിയും. ചികിത്സയുടെ കഠിനമായ നാളുകളിൽ രോഗത്തെ അതിജീവിക്കാനും മനസ്സമാധാനം കണ്ടെത്താനും വിൻസെന്റ് വീണ്ടും തന്റെ പ്രിയപ്പെട്ട ക്യാൻവാസിലേക്ക് മടങ്ങിയെത്തി. “നിങ്ങളുടെ കഴിവിനെ മുറുകെ പിടിക്കുക അത് തലച്ചോറിന്റെ കോശങ്ങളെ ഉണർത്താനും രോഗമുക്തി നേടാനും സഹായിക്കും’ അദ്ദേഹത്തിന്റെ ഡോക്ടറായ ആകാൻക്ഷ ശർമ്മ ഉപദേശിച്ചു.
ആ വാക്കുകൾ വിൻസെന്റിൽ പുതിയൊരു ഊർജ്ജം നിറച്ചു. തന്നെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് പരിചാരകർ എന്നിവരോടുള്ള നന്ദി പ്രകടിപ്പിക്കാൻ അദ്ദേഹം ഒരു വഴി കണ്ടെത്തി. അവരുടെ മനോഹരമായ ഛായാചിത്രങ്ങൾ വരയ്ക്കുക. അങ്ങനെ മുപ്പതോളം കെയർഗിവേഴ്സിന്റെ ചിത്രങ്ങളാണ് അദ്ദേഹം ക്യാൻവാസിൽ പകർത്തിയത്. ‘ ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് ഇവർ കാരണമാണ്. ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ഇതാണ്.’ വിൻസെന്റ് പറയുന്നു.
അദ്ഭുതമെന്നു പറയട്ടെ ആ നിശ്ചയദാർഢ്യത്തിനും സ്നേഹത്തിനും മുന്നിൽ കാൻസർ ഒടുവിൽ തോറ്റുകൊടുത്തു. വിൻസെന്റ് ഇപ്പോൾ പൂർണ്ണമായും രോഗമുക്തനാണ്. കലയിലൂടെ അദ്ദേഹം പ്രകടിപ്പിച്ച ഈ വലിയ നന്ദിയും സ്നേഹവും ഇന്ന് ലോകമെമ്പാടുമുള്ള നിരവധിയാളുകൾക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.
ജീവിതം നമുക്ക് നേരെ ഇരുട്ടുമാത്രമേ നീട്ടുന്നുള്ളൂ എന്ന് തോന്നുമ്പോഴും ഉള്ളിലെ പ്രത്യാശയുടെയും സർഗാത്മകതയുടെയും വെളിച്ചം കെടാതെ സൂക്ഷിക്കുക. നന്ദിയുള്ള ഒരു മനസ്സിന് മരണത്തെപ്പോലും തോൽപിക്കാൻ കഴിഞ്ഞേക്കും.
സീനിയ എൽസ ഇഗ്‌നേഷ്യസ്




