പ്രതീക്ഷയുടെ യാത്ര 137: എനോതേക്ക മരിയ

ജോ സ്കരാവെല്ല എന്ന അമേരിക്കൻ റെസ്റ്റോറന്റ് ഉടമയുടെ ജീവിതം പ്രചോദനാത്മകമാണ്. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ അദ്ദേഹം സ്ഥാപിച്ച ‘എനോതേക്ക മരിയ’ (Enoteca Maria) എന്ന റെസ്റ്റോറന്റ്, വെറുമൊരു ഭക്ഷണശാലയല്ല. 2007 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ സവിശേഷത, ലോകമെമ്പാടുമുള്ള മുത്തശ്ശിമാരെ (നോണ്ണാസ് – nonnas) ഷെഫുമാരായി നിയമിക്കുന്നു എന്നതാണ്. തങ്ങളുടെ തനത് നാടൻ ഭക്ഷണവിഭവങ്ങൾ സ്നേഹത്തോടെ പാകം ചെയ്യുന്ന ഈ അമ്മമാർ, ഓരോ വിഭവത്തിലൂടെയും തങ്ങളുടെ സാംസ്കാരികപൈതൃകം പങ്കുവയ്ക്കുന്നു.

തന്റെ വല്യപ്പന്‍, പിതാവ്, അമ്മ, വല്യമ്മ, സഹോദരി എന്നിവരുടെ തുടർച്ചയായ വിയോഗം ജോയെ വലിയൊരു ശൂന്യതയിലേക്കും സങ്കടത്തിലേക്കും തള്ളിയിട്ടു. കടുത്ത ദുഃഖത്തിലായ അദ്ദേഹം എന്തു ചെയ്യണമെന്ന് ആലോചിച്ചു. ഒടുവില്‍ തന്റെ അമ്മ മരിയയോടുള്ള ആദരസൂചകമായി, ആ ഓർമ്മകളെ ജീവസ്സുറ്റതാക്കാൻ ഈ റെസ്റ്റോറന്റ് ആരംഭിക്കുകയായിരുന്നു. അവരെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ ഈ യാത്ര, പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുത്തശ്ശിമാരെ ഉൾക്കൊള്ളുന്ന വലിയൊരു സ്നേഹപ്രകടനമായി മാറി. അദ്ദേഹത്തിന്റെ ‘നോണ്ണാസ് ഹൗസ്’ (Nonna’s House) എന്ന പാചകപുസ്തകത്തില്‍ ആദ്യമായി ഈ റെസ്റ്റോറന്റില്‍ പാചകം ചെയ്ത മുത്തശ്ശിമാരുടെ കഥകൾ ലോകത്തോട് വിളിച്ചുപറയുന്നുണ്ട്.

ജോ സ്കരാവെല്ലയുടെ ഈ ജീവിതയാത്രയെ ആസ്പദമാക്കി 2025 ല്‍ പുറത്തിറങ്ങിയ ‘നോണ്ണാസ്’ (Nonnas) എന്ന സിനിമ, നഷ്ടപ്പെട്ടവരുടെ ഓർമ്മകളെ എങ്ങനെ ഒരു ജീവിതദർശനമാക്കി മാറ്റാം എന്ന് നമ്മെ കാണിച്ചുതരുന്നു. വിൻസ് വോൺ നായകനായ ഈ ചിത്രം, ജോയുടെ ജീവിതത്തിലെ ദുഃഖഭരിതമായ നാളുകളെയും അതിനെ അദ്ദേഹം അതിജീവിക്കുന്ന വിധവും മനോഹരമായി ആവിഷ്കരിക്കുന്നു. റെസ്റ്റോറന്റ് തുടങ്ങാനും അതിന് ലൈസന്‍സ് ലഭിക്കാനും ആളുകളെ ആകര്‍ഷിക്കാനും വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ വളരെ വലുതാണ്. ആദ്യഘട്ടങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. പക്ഷേ, അമ്മയ്ക്കു  വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നു.

പ്രിയപ്പെട്ടവരുടെ വിയോഗം ബാക്കിവയ്ക്കുന്ന ശൂന്യതയെ, സ്നേഹം കൊണ്ടും സ്മരണകൾ കൊണ്ടും എങ്ങനെ നിറയ്ക്കാമെന്നതിന് ഏറ്റവും മനോഹരമായ ഉദാഹരണമാണ് ജോ സ്‌കരാവെല്ല എന്ന മകന്റെ ജീവിതം. തന്റെ അമ്മയുടെ വേർപാടിൽ തകർന്നുപോയ ജോ, ആ ദുഃഖത്തെ മൗനമായ ഒരു തടവറയിൽ ഒതുക്കിയില്ല, മറിച്ച് അമ്മയുടെ സ്‌നേഹവും കരുതലും ലോകത്തിന് അനുഭവവേദ്യമാക്കാൻ അദ്ദേഹം തീരുമാനിച്ചു. ‘എനോതേക്ക മരിയ’ എന്ന ഈ ഭക്ഷണശാല, അമ്മയോടുള്ള ആദരസൂചകമായി അദ്ദേഹം തീർത്ത ഒരു സ്മാരകമാണ്.

അമ്മയുടെ മരണത്തെക്കുറിച്ച് ജോയുടെ സുഹൃത്ത് അദ്ദേഹത്തോട് പറയുന്നത് ഇങ്ങനെയാണ്: “നമുക്ക് എത്ര പ്രായമായാലും അമ്മയെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയൊരു ദുഃഖം മറ്റൊന്നില്ല.” ലളിതമായ ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്ന വലിയ സത്യമാണ് ജോയുടെ ജീവിതത്തെയും, അദ്ദേഹം കെട്ടിപ്പടുക്കുന്ന ആ റെസ്റ്റോറന്റിനെയും മുന്നോട്ടുനയിക്കുന്നത്.

മനുഷ്യബന്ധങ്ങളുടെ ഏറ്റവും വലിയ ആധാരശില സ്നേഹമാണെന്നും, അത് പ്രകടിപ്പിക്കാൻ വാക്കുകൾക്കപ്പുറമുള്ള വഴികളുണ്ടെന്നും ‘നോണ്ണാസ്’ നമ്മോട് സംവദിക്കുന്നു. ഒരു മകൻ തന്റെ അമ്മയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ഈ കൊച്ചുസ്ഥാപനം, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് പ്രതീക്ഷയുടെയും സാന്ത്വനത്തിന്റെയും കേന്ദ്രമായി മാറിക്കഴിഞ്ഞു. കാലമെത്ര കഴിഞ്ഞാലും, ഒരു അമ്മയുടെ സ്നേഹത്തോളം ആഴമുള്ള മറ്റൊരു പാഠവും ഈ ഭൂമിയിൽ ഇല്ലെന്നും ഈ കഥ അടിവരയിട്ടു പറയുന്നു.

സ്കരാവെല്ലയുടെ ജീവിതവും നോണ്ണാസ് എന്ന സിനിമയും ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള  ഓർമ്മകള്‍ നമ്മള്‍ എങ്ങനെയാണ് സൂക്ഷിക്കുന്നത്? നമ്മുടെ മാതാപിതാക്കളുടെ സ്നേഹത്തെ, അവരുടെ തനിമയെ നാം എങ്ങനെയാണ് മുന്‍പോട്ടു കൊണ്ടുപോകുന്നത്? അവര്‍ നമ്മിലൂടെ എങ്ങനെയാണ് ജീവിക്കുന്നത്? അവരുടെ ഏത് നന്മയാണ് നമ്മള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഓരോരുത്തരും സ്വയം കണ്ടെത്തേണ്ടതാണ്. മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളെ കർമ്മമാക്കി മാറ്റിയാൽ അത് മറ്റുള്ളവരുടെ കൂടി ജീവിതത്തിൽ വലിയൊരു വെളിച്ചമായി മാറുമെന്ന് നമ്മള്‍ ഓര്‍മ്മിക്കണം.

നമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടവർ ഒരിക്കലും പൂർണ്ണമായി മാഞ്ഞുപോകുന്നില്ല; നമ്മൾ ആഗ്രഹിച്ചാൽ, അവരുടെ സ്നേഹവും കരുണയും മറ്റുള്ളവരിലേക്ക് പകരുന്ന ഒരു ചാലകമായി നമുക്ക് മാറാൻ സാധിക്കും. ജോ സ്കരാവെല്ലയുടെ ‘എനോതേക്ക മരിയ’ ഒരു റെസ്റ്റോറന്റ് മാത്രമല്ല, മറിച്ച് ഒരു തലമുറയുടെ സ്നേഹം മറ്റൊരു തലമുറയിലേക്ക് കൈമാറുന്ന ഒരു സ്നേഹത്തിന്റെ പാഠശാല കൂടിയാണ്. മുത്തശ്ശിമാരുടെ കൈപ്പുണ്യത്തിലൂടെ, അവർ പകർന്നുനൽകുന്ന ഗൃഹാതുരത്വമുള്ള രുചികൾ ഒരു നിമിഷമെങ്കിലും അത് കഴിക്കുന്നവരുടെ ഓര്‍മ്മകളെ അവരുടെ സ്വന്തം വീടിന്റെ പശ്ചാത്തലത്തിലേക്കും ഊഷ്മളതയിലേക്കും തിരികെ കൊണ്ടുപോകുന്നു.

അതുകൊണ്ട്, നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളെ കേവലം കണ്ണീരിന്റെയോ, സങ്കടത്തിന്റെയോ നിഴലിൽ മാത്രം ഒതുക്കിനിർത്തരുത്. പകരം, അവരോടുള്ള നമ്മുടെ സ്നേഹത്തെ മറ്റുള്ളവർക്ക് ഗുണകരമാകുന്ന ഒരു കർമ്മമായി മാറ്റുക. ജോയെപ്പോലെ, ആ സ്നേഹത്തെ ഒരു പ്രസ്ഥാനമായോ, ഒരു സേവനമായോ, അല്ലെങ്കിൽ ഒരു ചെറിയ നന്മപ്രവര്‍ത്തിയായെങ്കിലും ലോകത്തിനു മുന്നിൽ സമർപ്പിക്കുമ്പോൾ, നമ്മുടെ പ്രിയപ്പെട്ടവർ നമ്മിലൂടെ വീണ്ടും ജീവിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.