മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം; ഔദ്യോഗിക ജോലികൾ പുനരാരംഭിച്ചു

ഒക്ടോബർ 13 ന് വലത് ശ്വാസകോശത്തിലെ അർബുദബാധിത ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിനെ തുടർന്ന് ജെമെല്ലി പോളിക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന ലെയോ പാപ്പ ആശുപത്രിയിൽ സുഖമായി ഉറങ്ങിയെഴുന്നേറ്റ് പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.

​ശസ്ത്രക്രിയയ്ക്കു ശേഷം പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗമുക്തി സാധാരണ നിലയിൽ പുരോഗമിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രിയിലെ മൂന്നാം ദിവസമായ വ്യാഴാഴ്ച രാവിലെ നടത്തിയ നെഞ്ചിന്റെ എക്സ് -റേ പരിശോധനയിൽ, ശസ്ത്രക്രിയ നടത്തിയ ശ്വാസകോശം മികച്ച രീതിയിൽ സുഖം പ്രാപിക്കുന്നതായി കണ്ടെത്തി. ​വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഡോ. ലൂയിജി കർബോൺ, പ്രൊഫ. ഡോ. സ്റ്റെഫാനോ മർഗരിത്തോറ എന്നിവരാണ് പാപ്പയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

പരിശുദ്ധ പിതാവ് പതിവ് പരിശോധനകൾക്കു വിധേയനാവുകയും ഫലങ്ങളെല്ലാം സാധാരണ നിലയിലേക്ക് വന്നതായും റിപ്പോർട്ടുണ്ട്. പാപ്പ തന്റെ ദൈനംദിന കാര്യങ്ങൾ സ്വന്തമായി നിർവഹിക്കുന്നുണ്ടെന്നും, ഫിസിയോതെറാപ്പി സെഷനിൽ മുഴുവൻ വ്യായാമങ്ങളും പാപ്പ ചെയ്തതായും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ച മുറിയിൽ വ്യാഴാഴ്ച രാവിലെ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്കും ഇതേ രീതിയിൽ മാർപാപ്പ കുർബാനയിൽ പങ്കെടുത്തിരുന്നു. ​തുടർന്ന് തന്റെ ഔദ്യോഗിക ജോലികൾ പുനരാരംഭിച്ച പാപ്പ, ജനറൽ അഫയേഴ്സ് സബ്സ്റ്റിറ്റ്യൂട്ട് ആർച്ച്ബിഷപ്പ് പൗലോ റുഡെല്ലിയുമായി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.