നൈജീരിയയിൽ സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷം: കത്തോലിക്കാ ഇടവകയും ആശുപത്രിയും മൂന്ന് സ്കൂളുകളും പ്രവർത്തനം നിർത്തിവച്ചു

നൈജീരിയയിലെ ഗോബോക്കോ കത്തോലിക്കാ രൂപതാ പ്രദേശത്തെ നിരന്തരമായ സുരക്ഷാപ്രശ്നങ്ങളെ തുടർന്ന് മൂന്ന് സ്കൂളുകൾ, ഒരു ഇടവക, ഒരു ആശുപത്രി എന്നിവയുടെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളും ഭീഷണികളും കണക്കിലെടുത്താണ് രൂപത ഈ കടുത്ത നടപടി സ്വീകരിച്ചത്. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും മറ്റുമാർഗങ്ങളില്ലെന്നു രൂപതാവൃത്തങ്ങൾ വ്യക്തമാക്കുന്നു.

രൂപതയിലെ ഇഹുഗ് (Ihugh) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്റ് വിനിഫ്രഡ് സെക്കൻഡറി സ്കൂൾ, സെന്റ് വിനിഫ്രഡ് നഴ്സറി ആൻഡ് പ്രൈമറി സ്കൂൾ, സെന്റ് തോമസ് ഹോസ്പിറ്റൽ, ആശുപത്രി ചാപ്ലയിൻസി, സബിൻ മൈൻഡ് കെയർ സെന്റർ, സെന്റ് വിനിഫ്രഡ് ഇടവക എന്നിവയുടെ പ്രവർത്തനം ആണ് രൂപത താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഒക്ടോബർ 12-നാണ് ഈ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുന്നു എന്ന അറിയിപ്പ് രൂപത പുറത്തിറക്കിയത്. ഈ ഉത്തരവ് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വൈദികർ, സമർപ്പിത വ്യക്തികൾ, കാറ്റക്കിസ്റ്റുകൾ (വേദപാഠ അധ്യാപകർ), പ്രേഷിത പ്രവർത്തകർ, അധ്യാപകർ, വൈദ്യശാസ്ത്ര ജീവനക്കാർ, ഭരണനിർവഹണ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള എല്ലാ രൂപതാ ജീവനക്കാരെയും പിൻവലിക്കാൻ ഈ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.

ജോലി നഷ്‌ടമായ ജീവനക്കാരെ മറ്റെവിടേക്കെങ്കിലും മാറ്റുകയോ പുനർനിയോഗിക്കുകയോ ചെയ്യണമെന്ന് ബിഷപ്പ് വില്യം അമോവ് അവേന്യ തന്റെ അറിയിപ്പിൽ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, താൻ എഴുതി തയ്യാറാക്കിയ അനുമതി ഇല്ലാതെ ആർക്കും ഇഹുഗിൽ രൂപതയ്ക്കുവേണ്ടി ജോലികളിലേക്ക് തിരിച്ചുവരാനോ ശുശ്രൂഷകൾ ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഹുഗിലെ കത്തോലിക്കാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളും സ്വത്തുക്കളുടെ നശീകരണവും മറ്റ് സുരക്ഷാ പ്രശ്നങ്ങളും കാരണമാണ് ഈ അടച്ചുപൂട്ടലുകൾ എന്ന് ഇടയലേഖനം വ്യക്തമാക്കുന്നു.

സെന്റ് വിനിഫ്രഡ് സെക്കൻഡറി സ്കൂളിന്റെ വിദ്യാർഥി ഹോസ്റ്റലുകൾക്ക് നേരെ ഈ വർഷം നിരവധി തവണ തീവയ്പ്പ് ആക്രമണങ്ങൾ നടന്നിരുന്നു. സെന്റ് വിനിഫ്രഡ് ഇടവകയിലുണ്ടായ തുടർച്ചയായ മോഷണങ്ങളും സെന്റ് തോമസ് ആശുപത്രിയിലെ ക്രിമിനൽ സംഭവങ്ങളും രൂപതയെ ഈ കടുത്ത നടപടിയിലേക്ക് എത്തിക്കുന്നതിന് കാരണമായി. കൂടാതെ, 2024 ജൂൺ 21-ന് ആശുപത്രി വീണ്ടും തുറന്നപ്പോൾ ഉണ്ടായ സംഭവങ്ങളും ലേഖനം ഓർമ്മിപ്പിക്കുന്നു. അന്ന് നാട്ടുകാർ പ്ലക്കാർഡുകൾ ഉയർത്തുകയും, കത്തോലിക്കാ സന്യാസിനിമാർ ഇഹുഗിൽ ജോലി ചെയ്യുന്നത് തങ്ങൾക്ക് ഇനി വേണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.