
കനത്ത മഴയും അതുമൂലം ഇടക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കവും തകർന്ന റോഡുകളും. നൈജീരിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള എനുഗു സംസ്ഥാനത്തെ ഒറ്റപ്പെട്ട ഗ്രാമമായ എസ്സ-ൻക്വുബോർ നൈക്കിലെ സ്ഥിരം കാഴ്ചയാണ് ഇത്. ഈ തകർന്ന റോഡുകളിലൂടെ വേണം ഗ്രാമത്തിലുള്ളവർക്കു അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി പോലും യാത്ര ചെയ്യാൻ. എന്നാൽ ഈ പ്രതിസന്ധികളെ ഒക്കെ തരണം ചെയ്ത് ഈ മനുഷ്യരുടെ ഇടയിൽ ദൈവത്തിന്റെ സ്നേഹം പകരുന്ന ഒരു കൂട്ടം സന്ന്യാസിനിമാർ ഉണ്ട് ഇവിടെ. 3,500 വരുന്ന ഗ്രാമീണർക്ക് ആശ്വാസമായി ‘സെന്റ് കാലിസ്റ്റസ് ഹോസ്പിറ്റൽ ആൻഡ് മെറ്റേണിറ്റി’ എന്ന ചെറിയ രൂപതാ ക്ലിനിക്കിൽ പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് ഡിവൈൻ ലൗ’ സന്ന്യാസിനീ സമൂഹത്തിലെ അംഗങ്ങളാണ് ഇവർ. പ്രതിസന്ധികൾക്കിടയിലും പുഞ്ചിരിയോടെ ഇവർ ഈ നാട്ടിലുള്ള ആളുകളെ സേവിക്കുകയാണ്.
ഈ ഗ്രാമത്തിലെ 3,500 റോളം വരുന്ന ആളുകൾക്ക് ആശ്രയമായ ഒരു ക്ലിനിക്ക് ആണ് സെന്റ് കാലിസ്റ്റസ് ഹോസ്പിറ്റൽ ആൻഡ് മെറ്റേണിറ്റി ക്ലിനിക്ക്. ഡോട്ടേഴ്സ് ഓഫ് ഡിവൈൻ ലൗ സന്ന്യാസിനീ സമൂഹം നടത്തുന്ന ഈ ക്ലിനിക് 2025-ൽ നൈജീരിയൻ വൈദികനായ ഫാ. റിച്ചാർഡ് ഉച്ചെ ഒസൗദെയാണ് സ്ഥാപിച്ചത്. ഓസ്ട്രിയൻ പങ്കാളികളുടെയും അപ്പർ ഓസ്ട്രിയ ഗവൺമെന്റിന്റെയും പിന്തുണയോടെയാണ് ഇത് നിർമ്മിച്ചത്. ഡോട്ടേഴ്സ് ഓഫ് ഡിവൈൻ ലൗ സമൂഹത്തിലെ നാല് സന്ന്യാസിനിമാരും ഈ ആശുപത്രിയിലാണ് താമസിക്കുന്നത്; ഇത് തന്നെയാണ് അവരുടെ കമ്മ്യൂണിറ്റിയും. കനത്ത മഴയും പ്രളയവും കാരണം തങ്ങളുടെ പ്രദേശത്തേക്കുള്ള റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായെന്നും, ഇത് രോഗികൾക്കും പരിചരിക്കുന്നവർക്കും അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾക്കും വലിയ തടസ്സമാകുന്നുണ്ടെന്നും സന്ന്യാസിനിമാർ പറയുന്നു.
മഴ കനക്കുന്ന സമയങ്ങളിൽ പുറത്തിറങ്ങാൻ പോലും ഇവർക്ക് ബുദ്ധിമുട്ടാണ്. എനുഗുവിൽ നിന്ന് വൈദ്യശാസ്ത്ര ഉപകരണങ്ങളും ഭക്ഷണസാധനങ്ങളും വാങ്ങാൻ ഇവർ ആദ്യം രണ്ട് കിലോമീറ്റർ നടക്കുന്നു. അതിനുശേഷമാണ് പ്രദേശവാസികളും കർഷകരും കച്ചവടക്കാരും പ്രധാന യാത്രാമാർഗമായി ഉപയോഗിക്കുന്ന ഇരുചക്ര മോട്ടോർ സൈക്കിളുകളിൽ കയറുന്നത്. സമീപത്ത് സൂപ്പർ മാർക്കറ്റുകളോ കടകളോ ഇല്ലാത്തതിനാൽ, മോട്ടോർ സൈക്കിൾ ഡ്രൈവർമാർ ദൂരമനുസരിച്ച് ഒന്നു മുതൽ രണ്ടു ഡോളർ വരെ ഈടാക്കുന്നു. മഴയുള്ള ദിവസങ്ങളിൽ രണ്ട് മണിക്കൂർ യാത്രയ്ക്ക് നാലു ഡോളർ വരെ നൽകേണ്ടിവരാറുണ്ട്.
സാധാരണയായി മാർച്ച് മുതൽ ഒക്ടോബർ വരെ നീളുന്ന മഴക്കാലത്ത്, പ്രളയത്തെത്തുടർന്ന് ആയിരക്കണക്കിന് വീടുകളും കൃഷിയിടങ്ങളുമാണ് ഒലിച്ചുപോകുന്നത്. ഇത് വൈദ്യുതി വിതരണത്തെയും ടെലികമ്മ്യൂണിക്കേഷൻ ബന്ധങ്ങളെയും തകരാറിലാക്കുകയും ചെയ്യുന്നു. 600-ലധികം ആളുകളുടെ ജീവനെടുത്ത വലിയൊരു പ്രളയത്തിന് 2022-ൽ നൈജീരിയ സാക്ഷ്യം വഹിച്ചിരുന്നു എന്ന് പറയുമ്പോൾ ഇവർ കടന്നുപോകുന്ന ഭീകരാവസ്ഥയുടെ കാഠിന്യം നമുക്ക് മനസിലാക്കാൻ കഴിയും.
മനുഷ്യനിർമ്മിതമായ മാറ്റങ്ങൾ മൂലം കാലാവസ്ഥയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ഇത് പ്രളയഭീഷണി ഉയർത്തുകയും വെള്ളം എപ്പോൾ വേണമെങ്കിലും കയറാം എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഈ സന്ന്യാസിനിമാർ തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.




