

മറിയത്തിന്റെ മൊഴികളിൽ മിഴിവേകുന്ന വചനം യോഹന്നാൻ ശ്ലീഹാ വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “അവൻ പറയുന്നത് ചെയ്യുവിൻ” (യോഹ. 2:5). പിന്നീടങ്ങോട്ട് തിരുവെഴുത്തുകളിൽ അവൾ നിശ്ശബ്ദയാണ്. ക്രിസ്തുവിനെ അറിഞ്ഞിട്ടും അവൻ പറഞ്ഞൊതൊന്നും നമ്മൾ ഇതുവരെ ചെയ്തുതുടങ്ങിയിട്ടില്ല. വെറുതെ പോലും അവൾ അന്ന് പറഞ്ഞതിന്റെ പൊരുൾ അന്വേഷിച്ചിട്ടുമില്ല.
ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ എപ്പോഴോ പ്രതീക്ഷകളുടെ വീഞ്ഞ് തീർന്നുപോയി ഇരുളടഞ്ഞുനിൽക്കുന്ന കാനായിലെ ആ കല്യാണവീട് നമ്മൾ ഓരോരുത്തരുമാണ്. അവിടെ ആകുലതകളുടെ കരിനിഴൽ വീഴാതിരിക്കാൻ സ്നേഹത്തോടെ ഇടപെടുന്ന ഒരമ്മയുണ്ട്. ആ അമ്മ ചരിത്രത്തിന് നൽകിയ ഏറ്റവും വലിയ ഉപദേശമാണ്: “അവൻ പറയുന്നതുപോലെ ചെയ്യുവിൻ.” അമ്മയുടെ ആ വാക്കുകൾക്ക് പ്രാർഥനയുടെ സുഗന്ധമുണ്ട്.
എന്റെയും നിന്റെയും ചിന്തകൾക്കും പദ്ധതികൾക്കും മീതെ ക്രിസ്തുമൊഴികളുടെ ആശീർവാദം വേണമെന്നതാണ് മാതൃമൊഴിയുടെ ധ്വനി.
ഞാനും നീയും നന്മ പ്രവർത്തിക്കുന്നവരാകാൻ അവൾ എപ്പോഴും ആഗ്രഹിക്കുന്നു. നന്മ പ്രവർത്തിക്കാൻ തന്റെ മകൻ അമാന്തം വരുത്തുന്നുവെന്ന് തോന്നിയപ്പോൾ
ക്രിയാത്മകമായി ഇടപെടാൻ പോലും കാനായിലെ സംഭവത്തിൽ അവൾ തയ്യാറാകുന്നുണ്ട്. കാനായിലെ കല്യാണവീടിന്റെ പൂമുഖത്ത് നന്മയും സന്തോഷവും നിറയുന്നതുവരെ അമ്മമറിയം അസ്വസ്ഥയായിരുന്നു എന്നു തന്നെയാണ് സുവിശേഷകന്മാർ നമുക്ക് വിവരിച്ചുതരുന്നത്.
ഒടുവിൽ എല്ലാം ശുഭമായിട്ടും അംഗീകാരത്തിനോ, പ്രശസ്തിക്കോ വേണ്ടി തന്റെ പേരോ, ഇടപെടലോ വെളിപ്പെടുത്താതെ വിരുന്നുകാരിലൊരാളായി അവൾ സ്വയം ഒതുങ്ങി.
സ്നേഹത്തിന്റെ തത്ത്വശാസ്ത്രത്തിനു വിരുദ്ധമായി നിൽക്കുന്ന ‘ഞാൻ’ എന്ന മനോഭാവത്തെ തിരുത്താം പ്രിയരേ. എല്ലാം ശുഭമാകുമ്പോൾ പുറകിൽ മാറിനിൽക്കാം. അവനു വേണ്ടി, അവൾക്കു വേണ്ടി, കുടുംബത്തിനു വേണ്ടി ഇനിമേൽ അതായിരിക്കട്ടെ നമ്മുടെ ജീവിതനിയമം.
“ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ.” വക്കോളം നിറച്ച ഭരണികളും നിറവോളം കൊടുക്കുന്ന ഈശോയും അമ്മമറിയത്തിന്റെ സ്നേഹത്തിന്റെ കൽഭരണിയിൽ നിന്ന് പുതുവീഞ്ഞിന്റെ സുഗന്ധം നിന്റെ ആത്മാവിലും വീശട്ടെ.
ജിൻസി സന്തോഷ്




