
വത്തിക്കാനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ചൈനയിൽ ഒരു മെത്രാൻ കൂടി നിയമിതനായി. മൂന്ന് വർഷത്തിലധികമായി മെത്രാനില്ലാതിരുന്ന കിഴക്കൻ ചൈനയിലെ ഹൈമെൻ രൂപതയുടെ പുതിയ മെത്രാനായി ഫാദർ ഇഗ്നേഷ്യസ് ഡിംഗ് സുയാവോയാണ് അഭിഷിക്തനായത്. ചൈനയും വത്തിക്കാനും തമ്മിലുള്ള മെത്രാൻ നിയമന കരാറിലെ വ്യവസ്ഥകൾ പ്രകാരം, ലെയോ പതിനാലാമൻ മാർപാപ്പയുടെ അനുമതിയോടെ അഭിഷേകം ചെയ്യപ്പെടുന്ന ഒൻപതാമത്തെ ചൈനീസ് മെത്രാനാണ് ഇദ്ദേഹം.
ഓഗസ്റ്റ് 24-നാണ് ഫാദർ ഇഗ്നേഷ്യസ് ഡിംഗ് സുയാവോയെ മാർപാപ്പ ഹൈമെൻ രൂപതയുടെ മെത്രാനായി നിയമിച്ചത്. ചൈനയിൽ മെത്രാന്മാരെ വാഴിക്കുന്ന വിവരം ആ ചടങ്ങ് നടക്കുന്ന ദിവസം വരെ വത്തിക്കാൻ മുൻകൂട്ടി പുറത്തുവിടാറില്ല. ഈ പതിവ് ബിഷപ്പ് സുയാവോയുടെ കാര്യത്തിലും ഉണ്ടായിരുന്നു. വത്തിക്കാൻ-ചൈന കരാറിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 19-ാമത്തെ മെത്രാൻ കൂടിയാണ് അദ്ദേഹം.
ലെയോ മാർപാപ്പ നിയമിച്ച ചില ചൈനീസ് മെത്രാന്മാരെ ചൈനീസ് സർക്കാർ ഉടനടി അംഗീകരിച്ചിരുന്നില്ല. ഈ മെത്രാന്മാരിൽ രണ്ടുപേർ ഇതിനകം തന്നെ അഭിഷിക്തരായിരുന്നവരും, ചൈനീസ് അധികാരികളുടെ ഔദ്യോഗിക അംഗീകാരമില്ലാത്ത ‘ഭൂഗർഭ സഭ’ (underground Church) എന്ന കത്തോലിക്കാ സമൂഹത്തിന്റെ ഭാഗമായിരുന്നവരുമാണ്. തുടർന്ന് കമ്മ്യൂണിസ്റ്റ് സർക്കാർ ഇവരെയും അംഗീകരിക്കുകയും, അതുവഴി അവരുടെ സഭാപരവും പൗരപരവുമായ പദവികൾ നിയമപരമാക്കുകയും ചെയ്തു.
1986 ഓഗസ്റ്റിൽ ജിയാങ്സു പ്രവിശ്യയിലെ ക്വിഡോങ്ങിലാണ് സുയാവോ ജനിച്ചത്. 2011 ഒക്ടോബർ 27-ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 2001 മുതൽ 2004 വരെ ഷാങ്ഹായിലെ ഷെഷാൻ സെമിനാരിയുടെ ജിയാങ്സു സെക്ഷനിൽ അദ്ദേഹം പഠനം നടത്തി. പിന്നീട് തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുന്നതിനായി ബെയ്ജിങ് തിയോളജിക്കൽ സെമിനാരിയിൽ ചേരുകയും അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. 2011-ൽ പൗരോഹിത്യം സ്വീകരിച്ച ശേഷം സുയാവോ ഹൈമെൻ രൂപതയുടെ കീഴിലുള്ള ഹൈമെൻഷെൻ, ലിൻജിയാങ്, കാവോജിയാഷെൻ എന്നിവിടങ്ങളിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് 2023 മുതൽ, മെത്രാനായി നിയമിക്കപ്പെടുന്നത് വരെ അദ്ദേഹം നാൻടോങ്ങിലെ ക്വിങ്നിയാൻ ഡോങ്ലു ഇടവകയുടെ വികാരിയായി സേവനം ചെയ്തു.




