
ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘ദി ഓഫീസ് ആൻഡ് അതോറിറ്റി ഓഫ് ദി ലോക്കൽ പ്രയർ ഇൻ ദി ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ’ (The Office and Authority of the Local Prior in the Order of Saint Augustine) എന്ന ഡോക്ടറൽ തിസീസ് ചൈനീസ് ഭാഷയിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. ലെയോ പതിമൂന്നാമൻ പാപ്പ ഒരു യുവ അഗസ്റ്റീനിയൻ വൈദികനായിരുന്നപ്പോൾ കാനോൻ നിയമത്തിൽ എഴുതിയ ഈ ഗവേഷണ പ്രബന്ധം 1987-ൽ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിലാണ് (ആഞ്ചലിക്കം) സമർപ്പിച്ചത്. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിലെ പ്രാദേശിക സുപ്പീരിയറുടെ പങ്ക്, അധികാരം, ഉത്തരവാദിത്തങ്ങൾ എന്നിവയാണ് ഈ പ്രബന്ധത്തിൽ പ്രതിപാദിക്കുന്നത്.
ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിന്റെ സെന്റർ ഫോർ കാത്തലിക് സ്റ്റഡീസ് ആണ് ഇതിന്റെ ചൈനീസ് പതിപ്പ് പ്രസിദ്ധീകരിച്ചത്. വിപുലമായ അക്കാദമിക് പരിചയസമ്പത്തുള്ള ബീജിംഗ് രൂപതയിലെ ഫാദർ പീറ്റർ ഷാവോ ജിയാൻമിൻ (Peter Zhao Jianmin) ആണ് തർജ്ജമ നിർവ്വഹിച്ചത്. ഫാദർ പീറ്റർ ഷാവോ, ‘ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാത്തലിക് സ്റ്റഡീസ് ആൻഡ് കൾച്ചർ’ സ്ഥാപിച്ച വ്യക്തി കൂടിയാണ്. 2002 ഓഗസ്റ്റ് മൂന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ഇൻസ്റ്റിറ്റ്യൂട്ട്, അക്കാദമിക് ഗവേഷണങ്ങൾക്കും സാംസ്കാരിക വിനിമയത്തിനും വേണ്ടിയുള്ള പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു.
പ്രബന്ധത്തിന്റെ പുനഃപരിശോധന നിർവഹിച്ചത് ഫാദർ പീറ്റർ റെൻ പാൻജിയാണ് (Peter Ren Panji). പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ കാനോൻ ലോ ഫാക്കൽറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ചൈനീസ് വൈദികനാണ് ഇദ്ദേഹം. നിലവിൽ ബീജിംഗ് സെമിനാരിയിൽ വൈദിക വിദ്യാർഥികളുടെ പരിശീലകനായി പ്രവർത്തിക്കുകയാണ്.



