ആൽബാനോ തടാകത്തിലെ ചരിത്രപരമായ മരിയൻ പ്രദക്ഷണത്തിൽ പങ്കെടുത്ത് ലെയോ പതിനാലാമൻ പാപ്പ

ഇറ്റലിയിലെ കാസിൽ ഗാൻഡോൾഫോയിലുള്ള ആൽബാനോ തടാകത്തിൽ നടന്ന ചരിത്രപരമായ മരിയൻ പ്രദക്ഷണത്തിൽ പങ്കുചേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പമാരുടെ വേനൽകാല വസതി നിലനിൽക്കുന്ന കാസിൽ ഗാൻഡോൾഫോയുടെ 400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ തടാകത്തിലൂടെ ബോട്ട് മാർഗം മരിയൻ പ്രദക്ഷണത്തിന്റെ ഭാഗമാകുന്നത്. ‘പരിശുദ്ധ തടാകത്തിന്റെ മാതാവിന്റെ’ (Feast of Our Lady of the Lake) തിരുനാളിനോടനുബന്ധിച്ചായിരുന്നു ഈ അപൂർവ ചടങ്ങ്.

തടാകക്കരയിലുള്ള ‘മരിയ സാന്തിസിമ ഡെൽ ലാഗോ’ (Maria Santissima del Lago) ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് പരിശുദ്ധ പിതാവ് പ്രദക്ഷണത്തിൽ പങ്കെടുത്തത്. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ബോട്ടിൽ മാർപാപ്പ തടാകത്തിലൂടെ സഞ്ചരിക്കുകയും വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്തു.

വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ ലോകസമാധാനത്തിനായി മാർപാപ്പ ശക്തമായി ആഹ്വാനം ചെയ്തു. “ദ്വേഷവും അക്രമവും, നാശവും മരണവും മാത്രമേ നൽകൂ. നമ്മുടെ ഹൃദയങ്ങളെ വെറുപ്പും ഭയവും കൊണ്ട് മലിനമാക്കാൻ അനുവദിക്കരുത്,” മാർപാപ്പ ഓർമ്മിപ്പിച്ചു. നീതിയും സ്വാതന്ത്ര്യവും മാനവമഹത്വവും സംരക്ഷിക്കാൻ ലോകനേതാക്കൾ മുൻകൈയെടുക്കണമെന്നും ലെയോ പതിനാലാമൻ പാപ്പ കൂട്ടിച്ചേർത്തു.

മുൻഗാമികളായ വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നിവർ മുൻപ് ഈ തിരുനാളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും തടാകത്തിലൂടെ വെള്ളത്തിൽ പ്രദിക്ഷണം നടത്തിയ ആദ്യ മാർപാപ്പയായി ലെയോ പതിനാലാമൻ മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് തീർഥാടകരും പ്രദേശവാസികളുമാണ് ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തടാകക്കരയിൽ തടിച്ചുകൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.