
കണ്ണീരിൽ കുതിർന്ന നിമിഷങ്ങൾക്ക് വിരാമമിട്ട്, നേപ്പാൾ പ്രളയത്തിന്റെ കറുത്ത ഓർമ്മകളിൽ നിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ എട്ടുവയസ്സുകാരൻ സോയൽ ഘാലെയും അമ്മയും തമ്മിലുള്ള പുനഃസമാഗമം ഏതൊരാളുടേയും കണ്ണ് നനയിക്കുന്നതാണ്. പ്രളയത്തിന്റെ ഭീകരതയിൽ തകർന്നുതരിപ്പണമായ സ്കൂളിൽ മക്കൾ അകപ്പെട്ടുപോയെന്നും അവരെ ജീവനോടെ ഇനി കാണാനാകില്ലെന്നും കരുതി വിതുമ്പിപ്പോയ ആ അമ്മയ്ക്ക് മുന്നിലേക്ക്, ഒടിഞ്ഞ കാലുമായി കയ്യിൽ ഇരുപത് രൂപയും മുറുകെപ്പിടിച്ച് ആ കുഞ്ഞുമകൻ തിരിച്ചെത്തിയത് ഒരു അദ്‌ഭുതമാണ്.
ഭയപ്പെടുത്തുന്ന ആ ബുധനാഴ്ച!
പതിവുപോലെ ബുധനാഴ്ച രാവിലെ സ്കൂൾ വാഹനത്തിലാണ് സോയലും ഇളയ സഹോദരനും സ്‌കൂളിലേക്ക് പോയത്. വീട്ടിലിരുന്ന് തുണിത്തരങ്ങൾ നെയ്യുന്നതിനിടയിലാണ് ഭിത്തികൾ പോലും വിറപ്പിച്ചുകൊണ്ട് ഒരു ഭൂകമ്പത്തിന് സമാനമായ ശബ്ദം മാട്ടി മായ തമാങ് എന്ന ആ അമ്മ കേൾക്കുന്നത്. ലാംഗ്താംഗ് ലിറുങ് പർവതനിരയ്ക്ക് സമീപത്തെ കൂറ്റൻ ഹിമാനി ഇടിഞ്ഞുവീണ് നിമിഷനേരംകൊണ്ട് ഒരു പ്രദേശം മുഴുവനുമാണ് തുടച്ചുനീക്കപ്പെട്ടത്.
“എല്ലാം ഒലിച്ചുപോകുന്നത് ഞാൻ കണ്ടു, എന്റെ മക്കളും ആ കുത്തൊഴുക്കിൽ പെട്ടുപോയെന്നാണ് ഞാൻ കരുതിയത്,” മാട്ടി മായ ഓർക്കുന്നു. സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേക്ക് ഓടിയെത്താൻ നോക്കിയെങ്കിലും അവിടെയൊരു വിദ്യാലയമോ ജനവാസമേഖലയോ ഉണ്ടായിരുന്നു എന്നതിന്റെ അടയാളം പോലും ബാക്കിയുണ്ടായിരുന്നില്ല. വെള്ളവും കൂറ്റൻ പാറക്കല്ലുകളും ചെളിയും മാത്രം നിറഞ്ഞ ആ ഭീകര ഭൂമിയിൽ അവർ മക്കളെയും തേടി നിലവിളിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞു.
വനത്തിലേക്ക് ഓടിക്കയറി, മരങ്ങളിൽ അഭയം തേടി
പ്രളയത്തിന്റെ ഇരമ്പൽ കേട്ട നിമിഷം സോയൽ കൂട്ടുകാരനുമൊപ്പം സമീപത്തുണ്ടായിരുന്ന കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കുത്തൊഴുക്കിൽ നിന്ന് രക്ഷനേടാൻ കിട്ടിയ മരച്ചില്ലകളിൽ അവൻ വലിഞ്ഞുകയറി. ചുറ്റും ഇരുൾ പരന്ന ആ നിമിഷങ്ങളിൽ ജീവനുവേണ്ടി അവൻ പൊരുതി. ഒടുവിൽ രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെടുന്നത് വരെ അവൻ അവിടെ തന്നെ തുടർന്നു. ആശുപത്രിയിലേക്ക് പോകാൻ മടിച്ച അവനെ അനുനയിപ്പിക്കാനാണ് പൊലീസുകാർ രണ്ട് പത്തുരൂപ നോട്ടുകൾ അവന് സമ്മാനിച്ചത്. ആ നോട്ടുകൾ കൈവിടാതെ മുറുകെപ്പിടിച്ചാണ് അവശനായ ആ കുട്ടി ആശുപത്രി കിടക്കയിലേക്ക് എത്തിയത്.
ഒരു ഫോൺ കോൾ മാറ്റിയെഴുതിയ ജീവിതം
രണ്ട് മക്കളെയും കാണാതായതോടെ നാലാമത്തെ ദുരിതാശ്വാസ ക്യാമ്പിലും അന്വേഷിച്ച് മടുത്ത മാട്ടി മായ മക്കൾ ജീവിച്ചിരിപ്പില്ലെന്ന് തന്നെ ഉറപ്പിക്കുകയായിരുന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു കരുതിയിരുന്നത്. നുവാക്കോട്ട് ജില്ലയിലെ ഒരു ചെറിയ ആശുപത്രിയിൽ സോയലിനെ കണ്ടെത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവർത്തക സഹാന ബജ്‌രാചാര്യ, കുട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ അവന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. മാധ്യമപ്രവർത്തകയുടെ നമ്പർ എങ്ങനെയോ കണ്ടെത്തിയ മാട്ടി മായ ആ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് മകൻ ജീവിച്ചിരിപ്പുണ്ടെന്ന അദ്ഭുതവാർത്ത കേൾക്കുന്നത്.
ബസ് സർവീസുകൾ പോലും നിലച്ച ആ പ്രതിസന്ധിക്കിടെ, മാധ്യമപ്രവർത്തക തന്നെ ഏർപ്പാടാക്കിയ വാഹനത്തിലാണ് മാട്ടി മായ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിയത്. ആശുപത്രി കിടക്കയിൽ അനങ്ങാനാവാതെ കിടക്കുന്ന മകനെ കണ്ട് ആ അമ്മയുടെ നെഞ്ചുപൊട്ടി. എങ്കിലും നഷ്ടപ്പെട്ടു എന്ന് കരുതിയ തന്റെ മക്കളിൽ ഒരാളെങ്കിലും തിരിച്ചെത്തിയ ആശ്വാസത്തിലും ഒപ്പം ഇളയ മകനെ കുറിച്ചുള്ള വേവലാതിയിലും ആണ് അവൾ. ജപ്പാനിൽ നിർമ്മാണ തൊഴിലാളിയായ കുട്ടിയുടെ അച്ഛനും ഇപ്പോൾ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പ്രളയം തകർത്തെറിഞ്ഞ റസുവയിലെ ജീവിതങ്ങൾക്കിടയിൽ, “അവൻ എപ്പോഴും ഒരു അദ്ഭുതമാണ്” എന്ന് ആ അമ്മ പറയുമ്പോൾ അവരുടെ വാക്കുകളിൽ പ്രത്യാശയുടെ വലിയൊരു വെളിച്ചമുണ്ട്.




