
നൈജർ സ്റ്റേറ്റിലെ ബോർഗുവിലുള്ള പള്ളിയിൽ നിന്ന് 60-ലധികം വിശ്വാസികളെ ക്രൂരമായി തട്ടിക്കൊണ്ടുപോയതും, ബെന്യൂ സ്റ്റേറ്റിലെ ഉകുമ്മിൽ 47 നിരപരാധികളെ നിഷ്കരുണം കൊലപ്പെടുത്തുകയും 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം രാജ്യത്തെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാക്കുന്നതാണ് എന്ന് ബിഷപ്പ് മാത്യു മാൻ-ഓസോ എഡാഗോസോ. കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് ഓഫ് നൈജീരിയ (CBCN) പ്രസിഡന്റും കടുന ആർച്ച് ബിഷപ്പുമായ മാത്യു മാൻ-ഓസോൻഡാഗോസോ ഓഗസ്റ്റ് 26-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
“അത് പള്ളിയിലാകട്ടെ, അമ്പലത്തിലാകട്ടെ, മാർക്കറ്റിലാകട്ടെ, അതോ സ്വന്തം വീടുകളുടെ സുരക്ഷിതത്വത്തിലാകട്ടെ, നൈജീരിയക്കാർ കൊല്ലപ്പെടുകയും ഭയപ്പാടിലാകുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്നത് തുടരുകയാണ്,” സി.ബി.സി.എൻ പ്രസിഡന്റ് പറഞ്ഞു.
വിവിധ സായുധ സംഘങ്ങളുടെ അക്രമങ്ങൾക്ക് ഇരയായ എല്ലാവർക്കും നൈജീരിയൻ ബിഷപ്പുമാർ അനുശോചനം രേഖപ്പെടുത്തി. “ബെന്യൂ സ്റ്റേറ്റിൽ വേർപാടിന്റെ വേദന അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഞങ്ങൾ ആഴമേറിയ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നു. നൈജർ സ്റ്റേറ്റിലെയും നൈജീരിയയിലുടനീളമുള്ളതുമായ നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാരോടൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട 60 പേരും സുരക്ഷിതരായി എത്രയും വേഗം മോചിതരാകാൻ പ്രാർഥിക്കുന്നു. ഏത് ആരാധനാലയത്തിന് നേരെയുമുള്ള ആക്രമണവും നമ്മുടെ പൂർണ്ണ സമൂഹത്തിന് നേരെയുള്ള ആക്രമണമാണ്.” ബിഷപ്പുമാർ അഭ്യർഥിച്ചു.
ഓഗസ്റ്റ് 21-ന് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ വടക്കൻ-മധ്യ നൈജീരിയയിലെ നൈജർ സ്റ്റേറ്റിലുള്ള ബോർഗു ലോക്കൽ ഗവൺമെന്റ് ഏരിയയിലും (LGA), ബെന്യൂ സ്റ്റേറ്റിലെ ഉകുമ്മിലും നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരുടെ ഈ പ്രതികരണം.
ബോർഗുവിൽ, ‘ലകുരാവ’ (Lakurawa) അല്ലെങ്കിൽ ‘മഹ്മൂദ/മമൂദ’ (Mahmuda/Mamuda) എന്നറിയപ്പെടുന്ന എതിർ ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധ സംഘങ്ങൾ ദെക്കാര (Dekara) ജില്ലയിലെ ഗ്രാമങ്ങൾക്കും മസ്ജിദുകൾക്കും നേരെ ഏകോപിത ആക്രമണം നടത്തുകയായിരുന്നു. ദെക്കാരയിലെ സെൻട്രൽ മസ്ജിദ്, ക്പെന്യ, സാബോൺ-ഗിഡ/ഗിഡാൻ-സാന എന്നിവിടങ്ങളിലെ പള്ളികളും മസക (Masaka) പോലെയുള്ള സമീപ ഗ്രാമങ്ങളും ആക്രമിക്കപ്പെട്ടു.
വെള്ളിയാഴ്ച പ്രാർഥനയിൽ ഏർപ്പെട്ടിരുന്ന വിശ്വാസികളെ ആക്രമിച്ച തീവ്രവാദികൾ, നിരവധി പേരെ കൈഞ്ചി തടാകത്തിന് ചുറ്റുമുള്ള വനങ്ങളിലേക്ക് തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് വ്യത്യസ്ത കണക്കുകളാണുള്ളത്; 60-ലധികം ആളുകളെന്ന് ചിലരും നൂറിലധികം പേരെന്ന് മറ്റു ചിലരും സാക്ഷ്യപ്പെടുത്തുന്നു. വീടുകൾ കയറി ആക്രമണം നടത്തിയ സംഘം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും സാക്ഷികൾ പറയുന്നു.


