
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയായ മേരി ഷെല്ലി ജനിച്ചത് 1797 ആഗസ്റ്റ് 30 നായിരുന്നു. ഫ്രാങ്കൻസൈ്റ്റൻ എന്ന നോവലാണ് അവരുടെ ഏറ്റവും പ്രശസ്തമായ കൃതി. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ നോവലുകളിലൊന്നാണിത്. അവർക്ക് 18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ എഴുതിത്തുടങ്ങിയ നോവൽ 1818 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രശസ്ത കാല്പനിക കവിയായിരുന്ന പെഴ്സി ബിഷ് ഷെല്ലിയായിരുന്നു ജീവിതപങ്കാളി. പെഴ്സി ഫ്ളോറൻസ് ഷെല്ലി ഏകമകനാണ്. 1851 ഫെബ്രുവരി ഒന്നിന് മേരി ഷെല്ലി അന്തരിച്ചു.
ആദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കൻ സ്വദേശി ബഹിരാകാശ യാത്ര നടത്തിയത് 1983 ആഗസ്റ്റ് 30 നായിരുന്നു. ഗുയിയോൺ എസ് ബ്ലൂഫോ(ർ)ഡ് ജൂനിയറായിരുന്നു ചലഞ്ചർ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തിയത്. മിഷൻ സ്പെഷ്യലിസ്റ്റായിരുന്നു ബ്ലൂഫോ(ർ)ഡ്. 1978 ലാണ് ബഹിരാകാശ ദൗത്യത്തിനായി നാസ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ലഭിച്ച പതിനായിരം അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 35 പേരിൽ ഒരാളായിരുന്നു അദ്ദേഹം. 1983 ലെ ആദ്യ ബഹിരാകാശ യാത്രയ്ക്കു ശേഷം 1985 നും 1992 നുമിടയിൽ മൂന്നു തവണ കൂടി അദ്ദേഹം ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയായി.
പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണമെഡൽ നേടുന്നത് 2021 ആഗസ്റ്റ് 30 നായിരുന്നു. രണ്ട് സ്വർണ്ണമെഡലുകളാണ് ഇന്ത്യയുടെ കായികതാരങ്ങൾ അന്ന് കരസ്ഥമാക്കിയത്. വനിതാ ആർ രണ്ട് 10 മീറ്റർ എയർ റൈഫിൾ എസ് എച്ച് ഒന്നിൽ അവാനി ലെഖ്റയാണ് ആദ്യ സ്വർണ്ണം ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിച്ചത്. പുരുഷ ജാവലിൻ ത്രോയിൽ സുമിത് അന്റിൽ രണ്ടാമത്തെ സ്വർണ്ണവും നേടി. ജാവലിൻ 64.01 മീറ്റർ ദൂരത്തേക്ക് പായിച്ച് ലോകറെക്കോർഡോടെയായിരുന്നു സുമിതിന്റെ സ്വർണ്ണനേട്ടം. രണ്ട് സ്വർണ്ണ മെഡലുകൾക്കു പുറമെ രണ്ടു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ മൂന്നു മെഡലുകൾ കൂടി ഇന്ത്യൻ താരങ്ങൾ ഇതേ ദിവസം സ്വന്തമാക്കി.
സുനിഷ വി എഫ്




