നേപ്പാൾ ദുരന്തത്തിൽ സാമ്പത്തികസഹായം അയച്ച് ലെയോ പതിനാലാമൻ പാപ്പ

വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ, നേപ്പാളിന്‌ കൈത്താങ്ങായി പരിശുദ്ധ പിതാവ് സാമ്പത്തിക സഹായം അയച്ചു. കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി വഴിയായിട്ടാണ് പാപ്പ സഹായം കൈമാറിയത്. ദുരിതബാധിത പ്രദേശങ്ങളിൽ 630 ലധികം പേർ മരിക്കുകയും മൂവായിരത്തോളം പേരെ കാണാതാവുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഓരോ മണിക്കൂറിലും മരണസംഖ്യ വർധിക്കുന്നത് ആശങ്കകൾക്കിടയാക്കുന്നു.

ഓഗസ്റ്റ് 26 ബുധനാഴ്ച, പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ, നേപ്പാളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അതീവദുഃഖവും പ്രാർഥനകളും അറിയിച്ചുകൊണ്ട്, ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. തുടർന്ന്, അപ്പസ്തോലിക ന്യൂൺഷിയേച്ചറുമായി യോജിച്ച്, ദുരന്തം ബാധിച്ച ജനങ്ങളുടെ ഏറ്റവും അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തികസഹായവും അയച്ചു. ഭക്ഷണം, അടിസ്ഥാന ആവശ്യങ്ങൾ, പാർപ്പിടം എന്നീ ആവശ്യങ്ങൾക്കു വേണ്ടി ഈ സഹായം വിനിയോഗിക്കപ്പെടും.

ഏറ്റവും ദുർബലരായവർക്ക്, പരിശുദ്ധ പിതാവിന്റെ സാമീപ്യവും സഭ അവരെ അനുഗമിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് ഈ സഹായമെന്ന്, കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച്ബിഷപ്പ് ലൂയിസ് മാരിൻ ദി സാൻ മാർട്ടിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.