
ഇന്തോനേഷ്യയിലെ കിഴക്കൻ ദ്വീപായ ലെംബാറ്റയിലെ (Lembata Island) പ്രാദേശിക സമൂഹങ്ങളുടെ മനസ്സ് കീഴടക്കിയ വിദേശ മിഷനറി വൈദികൻ, ഫാദർ നിക്കോളാസ് സ്ട്രോണിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി വിശ്വാസികൾ. ദൈവവചന സഭാസമൂഹത്തിലെ (Divine Word Missionaries – SVD) അംഗമായിരുന്ന അദ്ദേഹം ദ്വീപുവാസികൾക്കിടയിൽ ദീർഘകാലം വിശ്വസ്തതയോടെ പ്രവർത്തിച്ച അവസാന വിദേശ മിഷനറിയായിരുന്നു.
ലെംബാറ്റയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ക്ഷേമത്തിനുമായി അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു. ഗതാഗത സൗകര്യങ്ങളോ, അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്ന കാലഘട്ടത്തിൽ, ദ്വീപുകളിലെ മലയോര മേഖലകളിലും വിദൂര ഗ്രാമങ്ങളിലും കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം സുവിശേഷ പ്രചരണവും കാരുണ്യ പ്രവർത്തനങ്ങളും നടത്തിയത്.
ലെംബാറ്റയിലെ സാധാരണ ജനങ്ങളോട് ചേർന്നുനിന്ന് പ്രവർത്തിക്കുകയും അവരുടെ ജീവിതപ്രതിസന്ധികളിൽ ആശ്വാസമേകുകയും ചെയ്ത ഫാദർ നിക്കോളാസിനെ ‘എപ്പോഴും പുഞ്ചിരിക്കുന്ന വൈദികൻ’ എന്നാണ് പ്രദേശവാസികൾ ഓർക്കുന്നത്. ഇന്തോനേഷ്യയിലെ വിദൂര ദ്വീപുകളിൽ ദശാബ്ദങ്ങളോളം സേവനമനുഷ്ഠിച്ച വിദേശ മിഷനറിമാരുടെ യുഗത്തിനാണ് ഫാദർ നിക്കോളാസ് സ്ട്രോണിന്റെ വിയോഗത്തോടെ പൂർണ്ണവിരാമമാകുന്നത്. എസ് വി ഡി സഭയിലൂടെ ലെംബാറ്റയിലെ വിദൂര മലയോര മേഖലകളിൽ സുവിശേഷ സന്ദേശവും കാരുണ്യ പ്രവർത്തനങ്ങളും എത്തിക്കാൻ തന്റെ ജീവിതം സമർപ്പിച്ച ദൈവദാസനായിരുന്നു ഫാദർ നിക്കോളാസ്.
അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാനും പ്രാർഥനകളിൽ പങ്കുചേരാനുമായി ആയിരക്കണക്കിന് വിശ്വാസികളും സമുദായ നേതാക്കളുമാണ് എത്തിയത്. പ്രദേശത്ത് കത്തോലിക്കാ സഭയ്ക്ക് ശക്തമായ അടിത്തറ പാകുന്നതിൽ വിദേശ മിഷനറിമാർ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് പ്രാദേശിക സഭാ നേതൃത്വം അനുസ്മരിച്ചു.




