നഹാരിയയിലെ മാരോനൈറ്റ് പ്രാർഥനാ ഹാളിനു നേരെ ആക്രമണം: അപലപിച്ച് ഹൈഫ അതിരൂപത

സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നിന് നഹാരിയയിലെ വി. പത്രോസിന്റെയും പൗലോസിന്റെയും നാമത്തിലുള്ള മാരോനൈറ്റ് പ്രാർഥനാ മന്ദിരത്തിനു നേരെ അജ്ഞാതർ ആക്രമണം നടത്തി. ഇതേ തുടർന്ന് ഹൈഫയിലെ മാരോനൈറ്റ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് മൂസ എൽ-ഹാജ് (Archbishop Moussa El-Hage) പുറപ്പെടുവിച്ച പ്രസ്താവനയിൽ തന്റെ ആശങ്ക പങ്കുവച്ചു. ലെബനൻ അതിർത്തിക്കു സമീപം വടക്കൻ ഇസ്രായേലിലെ നഗരമാണ് 60,000 നിവാസികളുള്ള നഹാരിയ.

“ഇത് സഭാസ്വത്തിനു നേരെയുള്ള കടന്നാക്രമണം മാത്രമല്ല, ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു സ്ഥലത്തിന്റെ വിശുദ്ധിക്കും സുരക്ഷിതത്വത്തോടും അന്തസ്സോടും കൂടി സ്വതന്ത്രമായി മതം ആചരിക്കാനുള്ള വിശ്വാസികളുടെ അവകാശത്തിനും നേരെയുള്ള ഗൗരവമേറിയതും അംഗീകരിക്കാനാവാത്തതുമായ ആക്രമണമാണ്,” അദ്ദേഹം പറഞ്ഞു.

“വിഭാഗമോ, മതമോ നോക്കാതെ അക്രമം, നശീകരണ പ്രവർത്തനങ്ങൾ, അശുദ്ധമാക്കൽ എന്നിവയിൽ നിന്ന് ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം. ഇത്തരം പ്രവർത്തികളെ ഒരുതരത്തിലും ന്യായീകരിക്കാനോ, വച്ചുപൊറുപ്പിക്കാനോ കഴിയില്ല,” ഹൈഫയിലെ മാരോനൈറ്റ് അതിരൂപത പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

വഞ്ചനാപരമായ ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും കടുത്ത അമർഷം രേഖപ്പെടുത്തുകയും ചെയ്ത ഹൈഫയിലെ മാരോനൈറ്റ് അതിരൂപത, ഉത്തരവാദിത്തം ഏറ്റെടുക്കാനും ഈ ആക്രമണത്തെക്കുറിച്ച് ഉടനടി നിർണ്ണായകമായി അന്വേഷിക്കാൻ അധികാരികളോടും സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.